News

സുവിശേഷവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കാൻ ഹോങ്കോങ്ങ്

സ്വന്തം ലേഖകന്‍ 26-03-2019 - Tuesday

ബെയ്ജിംഗ്: ചൈനീസ് ഉപഭൂഖണ്ഡത്തിന്റെ സുവിശേഷവത്കരണത്തിൽ പങ്കുചേരാൻ കത്തോലിക്ക വിശ്വാസികളെ ക്ഷണിച്ച് ഹോങ്കോങ്ങിലെ സഭാനേതൃത്വം. മിഷ്ണറി പ്രവർത്തനങ്ങളുടെ ചരിത്രം പഠനത്തിന് അവസരമൊരുക്കി കൊണ്ട് ആരംഭിച്ച പുതിയ പദ്ധതിയില്‍ പൂർവികർ വിശ്വാസം കൈമാറിയ രീതി വീണ്ടും അവലംബിക്കുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. ഹോങ്കോങ്ങ് ചൈനീസ് യൂണിവേഴ്സിറ്റിയുടെ കത്തോലിക്ക പഠന വിഭാഗത്തിന്റെ ഡയറക്ടർ ഫാ. ലൂയിസ് ഹാ കെ- ലൂണാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഇക്കാര്യം അവതരിപ്പിച്ച് മാർച്ച് ഇരുപ്പത്തിമൂന്നിന് തുടക്കം കുറിച്ച 'ഇരുപതാം നൂറ്റാണ്ടിലെ ഹോങ്കോങ്ങിന്റെ മിഷൻ ചരിത്ര'മെന്ന പ്രഭാഷണ പരമ്പര, ഡിസംബറിൽ നടക്കുന്ന അക്കാദമിക്ക് സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. ക്രൈസ്തവ കൂട്ടായ്മകളുടെ രൂപീകരണത്തിലൂടെ വിദ്യാഭ്യാസം, സാമൂഹിക സേവനം, ഉപവി പ്രവർത്തങ്ങൾ വഴി സുവിശേഷവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കി അനേകര്‍ക്ക് യേശുവിനെ നല്‍കുവാനാണ് സഭാനേതൃത്വത്തിന്റെ പദ്ധതി.

വിവിധ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ അതിജീവിച്ച സഭയുടെ ചരിത്ര പഠനത്തിലൂടെ പൂർവികരുടെ അനുഭവജ്ഞാനം സ്വന്തമാക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകുമെന്ന് ഫാ. ലൂയിസ് പറഞ്ഞു. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയ്ക്കും സുവിശേഷവത്കരണത്തിന് കടമയുണ്ടെന്നു മുഖ്യ പ്രഭാഷകനായ ഇറ്റാലിയൻ വൈദികൻ ഫാ.ജിയന്നി ക്രിവെല്ലർ പറഞ്ഞു. സെൻറർ ഫോർ കത്തോലിക്ക സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയില്‍ ഹോങ്കോങ്ങ് രൂപതയും രൂപത പത്രമായ കുങ്ങ് കോ പോയും സഹകരിക്കുന്നുണ്ട്.

1841 ൽ സ്ഥാപിതമായ ഹോങ്കോങ്ങ് അപ്പസ്തോലിക കേന്ദ്രം മിലാനിലെ വിദേശ മിഷ്ണറിമാരാണ് നിയന്ത്രിച്ചിരുന്നത്. 1868 അപ്പസ്തോലിക വികാരിയത്തായി ഉയർത്തി. 2016-ൽ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങ് രൂപതയില്‍ 288 പുരോഹിതരും, 469 സിസ്റ്റേഴ്സും, 29 ഡീക്കന്‍മാരും, 58 ബ്രദര്‍മാരും, 24 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. പുതിയ പദ്ധതി വഴി സുവിശേഷം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കഴിയുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.


Related Articles »