News - 2025
ഇന്ന് അനുരഞ്ജനത്തിന്റെ വെള്ളി: വിശ്വാസി സമൂഹം കുമ്പസാരക്കൂടുകളിലേക്ക്
സ്വന്തം ലേഖകന്‍ 29-03-2019 - Friday
വത്തിക്കാൻ സിറ്റി: ഇന്നു മാർച്ച് 29 ആഗോള കത്തോലിക്കാസഭ അനുരഞ്ജന ദിനമായി ആചരിക്കുന്നു. കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കി വിശ്വാസികൾക്ക് ദൈവിക ഐക്യത്തിലേക്കും കാരുണ്യത്തിലേക്കും തിരികെവരാനുള്ള അവസരമൊരുക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘ഞാനും നിന്നെ വിധിക്കുന്നില്ല,’ (യോഹ. 8:11) എന്ന തിരുവചനഭാഗമാണ് ‘ദൈവികൈക്യത്തിന്റെ 24 മണിക്കൂർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദിനത്തിന്റെ ആപ്തവാക്യം. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ഇടവകകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, സഭാസ്ഥാപനങ്ങൾ, യുവജനകേന്ദ്രങ്ങൾ, സന്ന്യാസ ആശ്രമങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മണിക്കൂറെങ്കിലും കുമ്പസാര ശുശ്രൂഷയ്ക്കുള്ള സൗകര്യം ഒരുക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിനാണ് ഫ്രാൻസിസിസ് പാപ്പ അനുതാപശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത്. വ്യക്തിഗതമായി പാപമോചനം തേടുന്നതിനുള്ള അവസരവും ലഭ്യമായിരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ അറിയിച്ചു.
തപസ്സിലെ നാലാം ഞായറിനോടു ചേര്‍ന്നുള്ള വെള്ളിയാഴ്ചയോ, സൗകര്യപ്രദമായ മറ്റേതെങ്കിലും ദിനത്തിലോ ഈ അനുരഞ്ജനദിനം ആചരിക്കപ്പെടുന്നു. ധാരാളം രൂപതകളില്‍ ഈ ദിനം ജനകീയമായിക്കഴിഞ്ഞു. കുമ്പസാരം എന്ന കൂദാശയ്ക്ക് ക്രൈസ്തവ ജീവിതത്തിൽ കേന്ദ്രസ്ഥാനം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും വലിയനോമ്പിൽ ‘ദൈവിക ഐക്യത്തിന്റെ 24 മണിക്കൂർ’ എന്ന പേരിൽ അനുരഞ്ജന ദിനം ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തത്. 2016ൽ കരുണയുടെ വര്‍ഷത്തിലാണ് ഇപ്രകാരം ആഹ്വാനം നല്‍കിയത്.
