News - 2024

ദൈവം തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുകയില്ല: കര്‍ദ്ദിനാള്‍ സാറ

സ്വന്തം ലേഖകൻ 31-03-2019 - Sunday

റോം: തിരുസഭ കടന്നുപോകുന്നത് പ്രതിസന്ധിയുടെ കാലഘട്ടത്തിലാണെങ്കിലും ദൈവം തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുകയില്ലായെന്ന് ഓര്‍മ്മിപ്പിച്ച് ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. പൗരോഹിത്യത്തിലെ ബ്രഹ്മചര്യം ഇല്ലാതാക്കുന്നത് സഭയിലെ പ്രതിസന്ധി ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയും, പുരോഹിതരുടെ പ്രാധാന്യം ഇല്ലാതാക്കുമെന്നും, യേശുവിലേക്ക് ആളുകളെ അടുപ്പിക്കുക എന്നതാണ് സഭയുടെ പരമപ്രധാനമായ കര്‍ത്തവ്യമെന്നും ഇക്കഴിഞ്ഞ മാര്‍ച്ച് 27-ന്‘വാല്യൂവേഴ്സ് ആക്ച്ച്വല്‍സ്’ എന്ന ഫ്രഞ്ച് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറഞ്ഞു.  

“ഇന്ന്‍ എല്ലാം ഇരുണ്ടതും പ്രയാസമേറിയതുമാണ്, നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളില്‍ നമ്മുടെ രക്ഷക്കെത്തുവാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ദൈവപുത്രന്റെ പുനരുത്ഥാനമാണ് ഈ ഇരുട്ടിലും നമ്മുടെ ഏക പ്രതീക്ഷ”. പാശ്ചാത്യലോകത്തു നിന്നും സഭയിലെ ധാര്‍മ്മികാധപതനത്തിന്റെ കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കത്തോലിക്കര്‍ ഒരുമിച്ച് നില്‍ക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭയാനകമായ ആശയക്കുഴപ്പത്തില്‍ ലോകം മുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച ദൈവം കാണുന്നുണ്ട്. ഈ സാഹചര്യത്തെ നേരിടുവാന്‍ നമ്മളെ തയ്യാറാക്കുന്നതിനായി, ‘ഹുമാനെ വിറ്റേ’എന്ന ചാക്രിക ലേഖനം ലോകത്തിനു സമ്മാനിച്ച പോള്‍ ആറാമൻ,  ജീവിക്കുന്ന സുവിശേഷമായിരുന്ന ജോണ്‍ പോള്‍ II, ബെനഡിക്ട് XVI, ഫ്രാന്‍സിസ് പാപ്പാ തുടങ്ങിയ ശക്തരായ മാര്‍പാപ്പാമാരെ ദൈവം നമുക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ധാര്‍മ്മികതയെ സംബന്ധിച്ച് വിവിധ മെത്രാന്‍ സമിതികള്‍ പുലര്‍ത്തിവരുന്ന ആശയപരമായ വൈരുധ്യം കത്തോലിക്കാ ഐക്യത്തിന് നിരക്കുന്നതല്ലെന്ന മുന്നറിയിപ്പും കര്‍ദ്ദിനാള്‍ സാറ നല്‍കുകയുണ്ടായി.

വിശുദ്ധ അംബ്രോസ്, അഗസ്റ്റിന്‍ പോലെയുള്ള മഹാന്മാരായ മെത്രാന്‍ കൂടിക്കാഴ്ചകള്‍ക്കും, യാത്രകള്‍ക്കുമായി തങ്ങളുടെ സമയം ചിലവഴിച്ചിട്ടില്ല, മെത്രാന്‍മാര്‍ തങ്ങളുടെ അജഗണങ്ങളുടെ ഒപ്പമാണ്‌ ഉണ്ടായിരിക്കേണ്ടത്. നമ്മുടെ സ്വന്തം പരിവര്‍ത്തനം തന്നെയാണ് സഭയിലെ നവോത്ഥാനമെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. സമകാലീന ലോകത്തെ ആത്മീയവും, രാഷ്ട്രീയവും, ധാര്‍മ്മികവുമായ പ്രതിസന്ധികളെക്കുറിച്ച് നിക്കോളാസ് ഡിയാറ്റുമായി ചേര്‍ന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രചിച്ച“ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ്‌ ദി ഡേ നൌ ഫാര്‍ സ്പെന്റ്” എന്ന പുസ്തകത്തിന്റെ പ്രകാശനം ഈ അടുത്തകാലത്തായിരുന്നു.


Related Articles »