News - 2025

ചൈനയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തുടരുന്നു: വീണ്ടും മെത്രാനെ തടവിലാക്കി

സ്വന്തം ലേഖകന്‍ 31-03-2019 - Sunday

ഷുവാന്‍ഹ്വാ: മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനീസ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുമ്പോഴും സഭക്ക് നേരെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഹെബേയി പ്രവിശ്യയിലെ ബിഷപ്പ് അഗസ്റ്റിന്‍ കുയി തായിയേയും രൂപത വികാര്‍ ജനറലായ ഫാ. ഴാങ്ങ് ജിയാന്‍ലിനെയും കഴിഞ്ഞ ദിവസം തടങ്കലിലാക്കിയത്. ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയിലെ അംഗങ്ങളെയാണ് സര്‍ക്കാര്‍ അന്യായ തടങ്കലിലാക്കിയിരിക്കുന്നത്. ഏഷ്യന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ യു.സി.എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് ബിഷപ്പ് കുയി തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ യാതൊരറിവുമില്ല. യാത്രാ നിരോധനം ലംഘിച്ചുവെന്ന കാരണത്താല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് ഫാ. ഴാങ്ങ് അറസ്റ്റിലാവുന്നത്. അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ സര്‍ക്കാര്‍ യാതൊരു കാരണവും കൂടാതെ കണ്ടുകെട്ടിയിട്ടുണ്ട്. കത്തോലിക്കാ രൂപതകളെ നിഷ്ക്രിയമാക്കുവാനുള്ള ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഈ നടപടികളെന്നാണ് വിശ്വാസികള്‍ പറയുന്നത്.

കഴിഞ്ഞ നവംബറില്‍ വൈദികരായ ഫാ. സൂ ഗുയിപെങ്ങും, ഫാ. ഴാവോ ഹേയും സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന് അറസ്റ്റിലായതും, ചോങ്ങ്ളി സിവാന്‍സി, ഹെബേയി രൂപതകളിലെ വൈദികരും ഇപ്പോള്‍ തടവില്‍ കഴിയുന്നതും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും-ചൈനീസ് സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടാക്കിയ കരാറില്‍ ഹോങ്കോങ്ങിലെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സെ-കിയൂന്‍ ഉള്‍പ്പെടെ നിരവധി പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിന്നു.

കത്തോലിക്കരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതിനാല്‍ വത്തിക്കാന്‍-ചൈന കരാര്‍ നിലനിര്‍ത്തേണ്ട കാര്യമില്ലെന്ന് യു.എസ്. ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കു വഴി തെളിയിച്ചിരിന്നു.

More Archives >>

Page 1 of 432