News - 2025
അരുണാചലിലെ മരിയൻ ഗ്രോട്ടോകൾക്ക് നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 01-04-2019 - Monday
ഇറ്റാനഗർ: വടക്കു കിഴക്കു സംസ്ഥാനമായ അരുണാചൽ പ്രദേശില്‍ മരിയൻ ഗ്രോട്ടോകൾക്ക് നേരെ ആക്രമണം. ഇന്നലെ മാർച്ച് മുപ്പത്തിയൊന്നാം തീയതി സംസ്ഥാനത്തെ ഇറ്റാനഗർ രൂപതയുടെയും മിയാവോ രൂപതയുടെയും ഗ്രോട്ടോകളാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്തു നിന്നു മാതാവിന്റെ രൂപങ്ങളും കാണാതായി. മിയാവോ രൂപതയിലെ ടെസു ഇടവകയിൽ നിന്നാണ് മാതാവിന്റെ രൂപം കാണാതാകുന്നത്. രാവിലെ ആറ് മണിക്ക് ദേവാലയത്തിൽ തിരി തെളിയിക്കാനായി പോയ ഫാ. തോമസ് മണിയാണ് മാതാവിന്റെ രൂപം നഷ്ടപ്പെട്ടതായി ആദ്യമായി കണ്ടെത്തിയത്. അരുണാചലിന്റെ ആസ്ഥാനമായ ഇറ്റാനഗറിൽ നിന്നും 125 കിലോമീറ്റർ ദൂരെയാണ് ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്.
ഇറ്റാനഗർ രൂപതയിലെ ദോയ്മുക്ക് എന്ന ഇടവകയിൽ നിന്നാണ് രണ്ടാമത്തെ രൂപം കാണാതായത്. ഈ ദേവാലയം ഇറ്റാനഗറില്‍ നിന്നും 35 കിലോമീറ്റർ മാത്രം അകലെയാണ്. സംഭവിച്ച കാര്യം ഞെട്ടലുളവാക്കുന്നതും, ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്തതാണെന്നും, കത്തോലിക്ക സഭയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വക്താവായ ഫാ. ഫെലിക്സ് ആന്റണി പറഞ്ഞു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് മിയാവോ രൂപതയിലെ വൈദികർ പറയുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനായി ആരോ കരുതിക്കൂട്ടി ചെയ്ത പ്രവർത്തിയാണ് ഇതെന്ന് ഫാ. ആന്റണി പറഞ്ഞു. ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വേണ്ട നടപടികൾ കൈക്കൊള്ളാൻ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയും വക്താവ് പങ്കുവച്ചു.
