News - 2025

കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ നിരോധിക്കാന്‍ കനേഡിയന്‍ പ്രവിശ്യ

സ്വന്തം ലേഖകന്‍ 01-04-2019 - Monday

ക്യൂബക്ക്: പൊതുസ്ഥലങ്ങളിൽ കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ ഒഴിവാക്കാനായുളള നിയമ നിർമ്മാണവുമായി കനേഡിയന്‍ പ്രവിശ്യയായ ക്യൂബക്ക്. "സെക്കുലറിസം ബിൽ" എന്ന് പേരിട്ടിരിക്കുന്ന ബില്ല് പ്രാബല്യത്തിൽ വന്നാൽ ക്രൂശിതരൂപവും യഹൂദരുടെ കിപ്പയും സിക്ക് മതസ്ഥരുടെ ടർബനും മുസ്ലിം സ്ത്രീകൾ അണിയുന്ന ഹിജാബും നിരോധിക്കപ്പെടും. ക്യൂബക്ക് പ്രവിശ്യയുടെ അധ്യക്ഷനായ ഫ്രാങ്കോയിസ് ലെഗാൾട്ടും അദ്ദേഹത്തിന്റെ സർക്കാരുമാണ് പ്രസ്തുത ബില്ലിന് പിന്നിൽ.

നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ക്യുബക്കിലെ നിയമനിർമ്മാണ സഭയായ നാഷ്ണൽ അസംബ്ലി കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രൂശിതരൂപം എടുത്തു മാറ്റുവാന്‍ നീക്കമുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ നിയമം മതസ്വാതന്ത്ര്യത്തെ വിലക്കുന്നതാണെന്ന് വിവിധ മതപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബില്ലിനെ ശക്തമായി വിമർശിച്ചു. സ്വതന്ത്ര സമൂഹത്തിൽ ആരുടെയെങ്കിലും മത വിശ്വാസം മൂലം അവരോട് വേർതിരിവ് കാട്ടുന്നതിനെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായെന്നായിരിന്നു ട്രൂഡോയുടെ അഭിപ്രായം. ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നേറിയ കാനഡ സത്യവിശ്വാസത്തില്‍ നിന്ന്‍ അകന്നു പോകുന്ന ദാരുണമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

More Archives >>

Page 1 of 433