News - 2025
ഐഎസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള ദേവാലയത്തില്‍ വീണ്ടും ബലിയര്‍പ്പണം
സ്വന്തം ലേഖകന്‍ 01-04-2019 - Monday
ആലപ്പോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ത്ത ചരിത്രപ്രസിദ്ധമായ ഫോര്‍ട്ടി മാര്‍ട്ട്യേഴ്സ് അര്‍മേനിയന്‍ കത്തീഡ്രലില്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണം നടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറുന്നൂറോളം വര്‍ഷങ്ങളോളം പഴക്കമുള്ള ദേവാലയത്തിന്റെ പുനര്‍സമര്‍പ്പണം നടന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ദേവാലയത്തിലെത്തിയ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലീക്യയിലെ കാതോലിക്കൊസായ അരാം ഒന്നാമന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ചരിത്രപ്രാധാന്യമുള്ള ഈ ദേവാലയകെട്ടിടത്തിന് എഴുപതുശതമാനത്തോളം കേടുപാടുകള്‍ പറ്റിയിരുന്നുവെന്ന്‍ അറ്റകുറ്റപ്പണികള്‍ക്ക് ചുക്കാന്‍ പിടിച്ച സിറിയന്‍-അര്‍മേനിയന്‍ എഞ്ചിനീയറായ ഗാബ്രിസ് തമാസിയാന്‍ പറഞ്ഞു. സിറിയയിലെ ഒന്നരലക്ഷത്തോളം വരുന്ന അര്‍മേനിയക്കാരുടെ ഉദാരമായ സംഭാവനകള്‍ കൊണ്ടാണ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. രണ്ടായിരം വര്‍ഷങ്ങളായി ആലപ്പോയില്‍ ക്രൈസ്തവരുടെ സാന്നിധ്യമുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിനു മുന്‍പ് എന്താണ്ട് 2,50,000-ത്തോളം ക്രിസ്ത്യാനികള്‍ ആലപ്പോയിലുണ്ടായിരിന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം വിശ്വാസികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്.