News - 2025

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ധാരണയില്ല: മുസ്ലീം വേള്‍ഡ് ലീഗ്

സ്വന്തം ലേഖകന്‍ 02-04-2019 - Tuesday

റിയാദ്: കടുത്ത യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വത്തിക്കാനുമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗിന്റെ (എം.ഡബ്ലിയു.എല്‍) സെക്രട്ടറി ജനറലായ ഷേഖ് മൊഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരിം അല്‍-ഇസ്. വത്തിക്കാനുമായി ഉഭയകക്ഷി പരസ്പരധാരണയില്‍ (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പിട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തു ദേവാലയ നിര്‍മ്മാണം സംബന്ധിച്ചു കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ടുഡേ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വത്തിക്കാനും സൗദി അറേബ്യയും തമ്മില്‍ കരാറായിട്ടുണ്ടെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്ന്‍ റിപ്പോര്‍ട്ട് ഉയര്‍ന്നിരിന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവന്‍ കര്‍ദ്ദിനാള്‍ ജീന്‍ ലോറന്റ് തൗറാനുമായും ഷേഖ് മുഹമ്മദ് അല്‍ ഈസയും തമ്മില്‍ കൂടിക്കാഴ്ച നടന്നതോടെയാണ് ഇത്തരമൊരു കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമായത്. ഈ സാധ്യതയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്.

സൗദി, ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന ആവശ്യപ്പെട്ടിട്ടുള്ളതായി കര്‍ദ്ദിനാള്‍ ജീന്‍ ലോറന്റ് കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷേഖ് മൊഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരിം അല്‍-ഇസ്സ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. വത്തിക്കാനും ഇസ്ലാമിക ലോകവും സമാധാനത്തിലും, സഹവര്‍ത്തിത്വത്തിലും കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെങ്കിലും ദേവാലയ നിര്‍മ്മാണത്തെ പറ്റി പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

More Archives >>

Page 1 of 433