News - 2025
ആസിയ ബീബിയുടെ സുരക്ഷ ചര്‍ച്ചകളില്‍ പുരോഗതി: ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി
സ്വന്തം ലേഖകന്‍ 03-04-2019 - Wednesday
ലണ്ടന്‍: വ്യാജ മതനിന്ദ കേസില്‍ കുറ്റ വിമുക്തയാക്കപ്പെട്ട് തീവ്ര ഇസ്ലാമികളുടെ ഭീഷണിയെ തുടര്‍ന്നു രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിയുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും എല്ലാം ശുഭകരമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട്. ആസിയ ബീബിയുടെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ട നടപടികളെക്കുറിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി നിരവധി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാം ശുഭകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ആസിയാ ബീബി ഇപ്പോള്‍ സുരക്ഷിതയാണ്. കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കുന്ന കാര്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ പുരോഗതിയുണ്ട്. അനുകൂലമായ സാഹചര്യം സംജാതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്”. ആസിയാ ബീബി പാകിസ്ഥാനില്‍ തന്നെ തുടരുന്നതിന്റെ കാരണം അജ്ഞാതമാണെന്നും അവളുടെ കുടുംബം കാനഡയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസിയ ബീബിക്കും കുടുംബത്തിനും സ്ഥിരമായി അഭയം നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദ്ധം ശക്തമാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മഹത്തായ ചരിത്രമുള്ള ബ്രിട്ടനെപ്പോലെയുള്ള ഒരു രാജ്യം ആസിയ ബീബിയുടെ കാര്യത്തില്‍ മടിക്കുന്നത് അപമാനകരമാണെന്ന് ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിനിധിയായ വില്‍സന്‍ ചൗധരി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ ബ്രിട്ടന്‍ അണിയറയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാനി ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയെ ജയിലിലെത്തിച്ചത്. 2010-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ പാകിസ്ഥാനിലെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. കോടതിയില്‍ നിന്നും മോചനം ലഭിച്ചുവെങ്കിലും, മുസ്ലീം മതമൗലീക വാദികളില്‍ നിന്നും ജീവന് ഭീഷണിയുള്ളതിനാല്‍ ആസിയാ ബീബിയേയും ഭര്‍ത്താവിനേയും അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
