News - 2025

ഭ്രൂണഹത്യകളുടെ എണ്ണം വർദ്ധിക്കുന്നു: സ്പെയിനിന്റെ ഭാവി ചോദ്യ ചിഹ്നത്തിൽ?

സ്വന്തം ലേഖകന്‍ 04-04-2019 - Thursday

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തു കൗമാരക്കാരുടെ ഇടയിലും അഭയാർത്ഥികളുടെ ഇടയിലും ഭ്രൂണഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇത് വലിയ തോതിൽ രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം പകുതിയിലധികം കൗമാര പ്രായത്തിലുള്ള കുട്ടികളും ഭ്രൂണഹത്യ നടത്തുന്നുവെന്നും മൂന്നിൽ ഒരു അഭയാർത്ഥി തന്റെ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.

ഭ്രൂണഹത്യ ഒരു ഗർഭനിരോധന മാർഗ്ഗമായാണ് സ്പെയിനിൽ പലരും കാണുന്നത്. മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ അനുവാദമുണ്ടെങ്കിൽ 16 വയസ്സു മുതൽ പെൺകുട്ടികൾക്ക് ഭ്രൂണഹത്യക്കായി ആവശ്യപ്പെടാം. സ്പെയിനിൽ ഇപ്പോഴുള്ള ജനസംഖ്യ അതേപടി നിലനിന്നു പോകണമെങ്കിൽ ജനന നിരക്ക് 2.1 ആയിരിക്കണം. എന്നാൽ സ്പെയിനിലെ ഇപ്പോഴത്തെ ജനനനിരക്ക് 1.3 മാത്രമാണ്. ഭ്രൂണഹത്യ തടയുമായിരിന്നുവെങ്കിൽ അത് 1.7 എത്തുമായിരുന്നു. ഇതിന്‍ പ്രകാരം ഇന്ന് സ്പെയിനിൽ യുവജനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവും വാർദ്ധക്യത്തിൽ എത്തിയവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരിയിൽ സ്പെയിനിന്റെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിലും പ്രസ്തുത വിവരങ്ങൾ വ്യക്തമായിരുന്നു. അഞ്ചുവർഷം തുടർച്ചയായി ഭ്രൂണഹത്യകളുടെ എണ്ണത്തിൽ കുറവുണ്ടായതിനുശേഷം 2016ൽ അത് നാലായിരമായി വർദ്ധിച്ചു. ഭ്രൂണഹത്യ നടത്തുന്നത് പ്രായമായവരുടെ എണ്ണം യുവജനങ്ങളെക്കാൾ വർദ്ധിപ്പിക്കുകയും മാനവശേഷിയില്‍ വലിയ കുറവ് ഉണ്ടാകുകയും ജനനനിരക്കിൽ നിയന്ത്രണം കൊണ്ടു വരികയും ചെയ്യുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി അധ്യക്ഷൻ എഡ്വേർഡോ ഹെർട്ട് ഫെൽഡർ പറയുന്നത്. ഭ്രൂണഹത്യക്കെതിരെ ശക്തമായ നിയമം കൊണ്ടുവരാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »