News - 2024

ദക്ഷിണ സുഡാന്‍ പ്രസിഡന്റും, പ്രതിപക്ഷനേതാവും സമാധാന ശ്രമങ്ങൾക്കായി വത്തിക്കാനിലേക്ക്

സ്വന്തം ലേഖകന്‍ 05-04-2019 - Friday

ദക്ഷിണ സുഡാന്റെ പ്രസിഡന്റ് സൽവാ കിറും, പ്രതിപക്ഷനേതാവ് റീക്ക് മച്ചാറും അടുത്തയാഴ്ച വത്തിക്കാനിൽ എത്തും. "ആത്മീയ ധ്യാനത്തിനായാണ്" നേതാക്കൾ എത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അലക്സാൺഡ്രോ ജിസോട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് എന്തെങ്കിലും രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടോയെന്ന് ജിസോട്ടി വ്യക്തമാക്കിയില്ല. രാജ്യത്തിന് വേണ്ടിയുള്ള സമാധാന ശ്രമങ്ങളെ പറ്റി ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച ചെയ്യാൻ ദക്ഷിണ സുഡാൻ പ്രസിഡന്റ് സൽവാ കിർ കഴിഞ്ഞമാസം വത്തിക്കാനിൽ എത്തിയിരുന്നു.

രാജ്യത്തെ പ്രതിപക്ഷ നേതാവായ റീക്ക് മച്ചാറും, പ്രതിപക്ഷപാർട്ടിയുടെ മറ്റു രണ്ടു നേതാക്കന്മാരും വത്തിക്കാനിൽ വച്ച് പ്രസിഡന്റ് സൽവാ കിറുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഡെപ്യൂട്ടി വക്താവ് മനാവാ പീറ്റർ പറഞ്ഞു. മാർപാപ്പയുമായുള്ള ഒരു കൂടിക്കാഴ്ചയും ആലോചനയിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാലുലക്ഷത്തോളം ആളുകൾ മരിക്കുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്ത ആഭ്യന്തര യുദ്ധത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ഇന്ന് ദക്ഷിണ സുഡാൻ.

രാജ്യത്തെ പാർട്ടികൾ തമ്മിലുള്ള വിശ്വാസക്കുറവിന് വത്തിക്കാനിൽ നടക്കുന്ന കൂടിക്കാഴ്ചയോടു കൂടി പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. 2017ൽ കാൻറ്റർബറി ആർച്ച് ബിഷപ്പിനൊപ്പം ദക്ഷിണ സുഡാൻ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണി നിലനിന്നിരുന്നതിനാൽ സന്ദർശനം നടക്കാതെ പോയി. മാർച്ച് പതിനാറാം തീയതി ദക്ഷിണ സുഡാൻ പ്രസിഡന്റുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യം സന്ദർശിക്കാനായുളള തന്റെ ആഗ്രഹം വീണ്ടും ഫ്രാൻസിസ് മാർപാപ്പ എടുത്തു പറഞ്ഞിരുന്നു.


Related Articles »