News - 2025
കാലിഫോര്‍ണിയയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 06-04-2019 - Saturday
കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപങ്ങള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ചിനോയിലെ സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തിലെ ഫാത്തിമാ മാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പൊമോണ വാലിയിലെ രണ്ടു രൂപങ്ങള്‍ തകര്‍ക്കപ്പെട്ടതായി സി.ബി.എസ് ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് മോണ്ട്ക്ലെയറിലെ ലൂര്‍ദ്ദ് മാതാവിന്റെ രൂപം തകര്‍ത്ത ആള്‍ തന്നെയാണ് ഫാത്തിമാ മാതാവിന്റെ രൂപവും തകര്‍ത്തതെന്നാണ് സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയവുമായി ബന്ധപ്പെട്ടവര്‍ കരുതുന്നത്. കഴിഞ്ഞ മാസം തങ്ങളുടെ ദേവാലയത്തിലെ ജനല്‍ ഗ്ലാസ്സും ഇയാള്‍ തന്നെയാകും തകര്‍ത്തതെന്നാണ് അധികൃതരുടെ സംശയം. ചുറ്റികപോലെയുള്ള സാധനം ഉപയോഗിച്ചാണ് രൂപങ്ങള്‍ തകര്‍ത്തിരിക്കുവാന്‍ സാധ്യതയെന്നും അവര്‍ പറഞ്ഞു. ദേവാലയത്തിലെ സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വീഡിയോ അവ്യക്തമായതിനാല്‍ അക്രമിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല.
മോണ്ട്ക്ലെയറിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് കത്തോലിക്കാ ദേവാലയത്തില്‍ ലൂര്‍ദ്ദ് മാതാവിന്റെ രൂപത്തിന് പുറമേ വിശുദ്ധ ബെര്‍ണാഡെറ്റേയുടെ രൂപവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 10,000 ഡോളറിന്റെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. തകര്‍ക്കപ്പെട്ട രൂപങ്ങള്‍ ഇപ്പോള്‍ തുണികൊണ്ട് മറച്ചു വെച്ചിരിക്കുകയാണ്. അക്രമിയോട് ക്ഷമിക്കുന്നുവെന്നും പ്രതിയുടെ വിദ്വേഷ മനോഭാവം പരിഹരിക്കുവാന്‍ ശ്രമിക്കാമെന്നുമാണ് ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.