News - 2025
പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം
സ്വന്തം ലേഖകന്‍ 07-04-2019 - Sunday
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള ക്രൈസ്തവ വിശ്വാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഫൈസലാബാദ് ജില്ലയിലെ ദാന്ദ്ര എന്ന ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ അംഗമായ ഷാലറ്റ് ജാവേദ് എന്ന പെൺകുട്ടിയെയാണ് സഫർ ഇക്ബാൽ എന്ന ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത്. ബ്രിട്ടീഷ് പാകിസ്താനി ക്രിസ്ത്യൻ അസോസിയേഷൻ സംഘടനയാണ് പ്രസ്തുത വാർത്ത പുറത്ത് കൊണ്ടുവന്നത്. മാർച്ച് 25നാണ് സംഭവം നടന്നത്. വിഷയത്തില്‍ കുറ്റം ആരോപിക്കപ്പെട്ട റാഫേലിനെയും റുക്സാനയെയും പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ഏകദേശം എഴുന്നൂറോളം ക്രൈസ്തവ പെൺകുട്ടികൾ ഇപ്രകാരം ചതിയിൽപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ സംഘടനയുടെ അദ്ധ്യക്ഷനായ വിൽസൺ ചൗധരി പറഞ്ഞു. കുറ്റക്കാർക്ക് ശരിഅത്ത് നിയമം മൂലവും ചില ഇമാമുമാർ മൂലവുമാണ് ശിക്ഷ ലഭിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിലാണ് തന്റെ പ്രത്യാശ എന്നും മകളെ തിരികെ തരുമെന്നാണ് തന്റെ പ്രതീക്ഷ എന്നും ഷാലറ്റിന്റെ അമ്മ തസ്ലീം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പെൺകുട്ടിയെ തിരികെ കൊണ്ടുവരാൻ മാതാപിതാക്കളോടൊപ്പം സംഘടനയും പരിശ്രമം നടത്തുന്നുണ്ട്. രാജ്യത്തു ക്രൈസ്തവരെയും ഹൈന്ദവരെയും ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
