News - 2024

ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം തടയുവാന്‍ ബ്രിട്ടന്‍

സ്വന്തം ലേഖകന്‍ 08-04-2019 - Monday

ലണ്ടന്‍: ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകരുതെന്ന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ബ്രിട്ടീഷ് പാർലമെന്റിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പീഡനം ഏൽക്കുന്ന രണ്ടരകോടിയോളം വരുന്ന ക്രൈസ്തവർക്കു വേണ്ടി കൂടുതൽ എന്തെങ്കിലും സഹായം ചെയ്യണമെന്നും അദ്ദേഹം പാർലമെന്റ് അംഗങ്ങളോട് പറഞ്ഞു. നിയമ നിർമ്മാതാക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രിട്ടൻ, ക്രൈസ്തവർക്കു നേരെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ആക്രമണങ്ങളെ പറ്റി വിശകലനം ചെയ്യുമെന്നും, ക്രൈസ്തവരെ സംരക്ഷിക്കാൻ ആ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും ജെറമി ഹണ്ട് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും, ഏഷ്യയിലെയും പീഡനമേൽക്കുന്ന ക്രൈസ്തവരെ പറ്റി പഠനം നടത്താൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ചിരിക്കുന്നത് ട്രൂറോ രൂപതയുടെ മെത്രാനായ ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘത്തെയാണ്. ഇപ്പോൾ ഇവിടങ്ങളിൽ ബ്രിട്ടീഷ് സർക്കാർ എത്രമാത്രം സഹായം നൽകുന്നുണ്ടെന്ന വിശദമായ റിപ്പോർട്ട് സംഘം തയ്യാറാക്കും. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം 4300 ക്രൈസ്തവരാണ് വിശ്വാസത്തെ പ്രതി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ഈ കണക്കുകൾ ജെറമി ഹണ്ട് ചൂണ്ടിക്കാട്ടിയിരിന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനേക്കാൾ അധികമാണെന്നാണ് ബ്രിട്ടണിലെ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

ലോകത്ത് വിശ്വാസത്തെ പ്രതി പീഡനം ഏൽക്കുന്ന അഞ്ചിൽ നാലു പേരും ക്രൈസ്തവർ ആണെന്നു ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ജെറമി ഹണ്ട് നിയമ നിർമ്മാതാക്കളോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിൽ ബ്രിട്ടൺ പിറകോട്ട് പോയെന്നും എന്നാൽ ഇനിമുതൽ ക്രൈസ്തവ വിശ്വാസികളോടൊപ്പം ബ്രിട്ടൻ നിൽക്കണമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. 2017ൽ മാത്രം ബ്രിട്ടൻ വിവിധ വിദേശ രാജ്യങ്ങൾക്ക് ധനസഹായമായി നൽകിയത് 18 ബില്യൻ ഡോളർ ആയിരുന്നു. അഫ്ഗാനിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾക്ക് ബ്രിട്ടൻ ഏറെ ധനസഹായം നൽകുന്നുണ്ടെന്നും അതിനാൽ തന്നെ മതസ്വാതന്ത്ര്യം മെച്ചപ്പെടുത്താൻ സർക്കാരിനോട് തങ്ങൾ ആവശ്യപ്പെടുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.


Related Articles »