News - 2025

യേശുവിനോട് മാപ്പ് ചോദിക്കാന്‍ മടിക്കരുത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-04-2019 - Tuesday

വത്തിക്കാന്‍ സിറ്റി: യേശുവിനോട് മാപ്പ് ചോദിക്കാന്‍ മടിക്കരുതെന്നും നമ്മോടു പൊറുക്കുമ്പോള്‍ യേശു, നമുക്ക് മുന്നേറാനുള്ള ഒരു പുതിയ വഴി എല്ലായ്പോഴും തുറക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ചത്തെ ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കിടെയായിരിന്നു പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവത്തെ ആസ്പദമാക്കിയായിരിന്നു ഞായറാഴ്ച വായന. അവിടന്നു ലോകത്തിലേക്കു വന്നത് വിധിക്കാനും ശിക്ഷിക്കാനുമല്ലായെന്നും രക്ഷിക്കാനും മനുഷ്യന് പുതുജീവന്‍ പ്രദാനം ചെയ്യാനുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

യേശുവുമായി സംവദിച്ചിരുന്നവര്‍ ഇടുങ്ങിയ നൈയാമികതയില്‍ കുടുങ്ങിക്കിടക്കുന്നവരും വിധിതീര്‍പ്പിനെയും ശിക്ഷവിധിക്കുന്നതിനെയും സംബന്ധിച്ച തങ്ങളുടെതായ ഒരു വീക്ഷണത്തിനുള്ളില്‍ ദൈവസുതനെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു. എന്നാല്‍ അവിടന്നു ലോകത്തിലേക്കു വന്നത് വിധിക്കാനും ശിക്ഷിക്കാനുമല്ല, പിന്നെയോ, രക്ഷിക്കാനും മനുഷ്യന് പുതുജീവന്‍ പ്രദാനം ചെയ്യാനുമാണ്. ഈ പരീക്ഷണത്തിനു മുന്നില്‍ യേശു എപ്രകാരമാണ് പ്രതികരിക്കുന്നത്?. ദൈവമാണ് ഏക നിയമകര്‍ത്താവും വിധിയാളനും എന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ, സര്‍വ്വോപരി, അവിടുന്ന് അല്പസമയം മൗനം പാലിക്കുകയും കുനിഞ്ഞ് നിലത്ത് വിരല്‍ കൊണ്ട് എഴുതുകയും ചെയ്യുന്നു.

എന്നിട്ട് അവിടുന്ന് പറയുന്നു: ”നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” (യോഹന്നാന്‍ 8:7). അവരുടെ പാപാവസ്ഥയെക്കുറിച്ച് യേശു അവരെ ഓര്‍മ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ ജീവന്‍റെയോ മരണത്തിന്‍റെയോ മേലുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നു. നാം പാപികളാണെന്ന അവബോധം പുലര്‍ത്താനും ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്കെതിരെ എറിയാനുള്ള നിന്ദനത്തിന്‍റെയും ശിക്ഷവിധിക്കലിന്‍റെയും പരദൂഷണത്തിന്‍റെയും കല്ലുകള്‍ നമ്മുടെ കൈകളില്‍ നിന്ന് താഴെയിടാനും ഈ രംഗം, നമ്മെ ക്ഷണിക്കുന്നു. ക്ഷമിക്കുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.


Related Articles »