News - 2025
യുവജനങ്ങളുടെ കാൽകഴുകാന്‍ ഫിലിപ്പീൻസ് ആർച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 09-04-2019 - Tuesday
മനില: ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയത്തില്‍ പെസഹ വ്യാഴാഴ്ച തിരുകർമ്മങ്ങളിൽ മനില ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിള്‍ യുവജനങ്ങളുടെ കാൽ കഴുകും. യുവജന വർഷത്തോടനുബന്ധിച്ചാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ യുവജന സമൂഹത്തിന് പ്രത്യേകം പ്രാധാന്യം നൽകുന്നതെന്നു മനില കത്തീഡ്രൽ റെക്ടർ ഫാ. റെജിനാൾഡ് മാലികടേം പറഞ്ഞു. വ്യത്യസ്ത ചുറ്റുപാടിൽ നിന്നും വരുന്ന യുവജനങ്ങളെയാണ് കാല്‍ കഴുകല്‍ ശുശ്രൂഷയിലേക്ക് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ത്യത്താഴയുടെ അനുസ്മരണ പുതുക്കുന്ന പെസഹ വ്യാഴാഴ്ച വൈകുനേരം അഞ്ചിനാണ് തിരുകര്‍മ്മങ്ങള്‍ നടക്കുക. കഴിഞ്ഞ വർഷത്തെ പെസഹ തിരുകര്‍മ്മത്തില്‍ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും കാല്പാദങ്ങളാണ് കർദ്ദിനാൾ കഴുകിയത്. ഇതില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ബന്ദിയാക്കി പിന്നീട് മോചിക്കപ്പെട്ട ഫാ. സുഗാനോബയുടെ കാല്പാദങ്ങളും കര്‍ദ്ദിനാൾ കഴുകിയിരുന്നു. 2017-ല്‍ മയക്കുമരുന്ന് വേട്ടയിൽ ഉൾപ്പെട്ട പോലീസുകാരുടെയും അധികാരികളുടെയും മാപ്പുസാക്ഷികളുടെയും ഇരയായവരുടെ കുടുംബാംഗങ്ങളുടെയും കാലുകൾ കഴുകിയ കർദ്ദിനാളിന്റെ ശുശ്രൂഷ ജനശ്രദ്ധയാകർഷിച്ചിരുന്നു.