News - 2024

ഭ്രൂണഹത്യക്ക് നൽകുന്ന അവകാശം ധാർമികതയെ വെല്ലുവിളിക്കുന്നത്: യുഎന്നിൽ വത്തിക്കാൻ

സ്വന്തം ലേഖകന്‍ 09-04-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യക്ക് നൽകുന്ന അവകാശം ധാർമ്മികതയെ വെല്ലുവിളിക്കുന്നതാണെന്ന്‍ വത്തിക്കാന്‍ വക്താവ് ഐക്യരാഷ്ട്ര സഭയില്‍. ഏപ്രിൽ ഒന്നാം തീയതി ജനസംഖ്യക്കും വളർച്ചയ്ക്കുമായിട്ടുളള യുണൈറ്റഡ് നേഷൻസ് കമ്മീഷൻ കൂടിക്കാഴ്ചയിലാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ശബ്ദം വത്തിക്കാന്‍ വീണ്ടും ഉയര്‍ത്തിയത്. ഭ്രൂണഹത്യ ഒരു അവകാശമായി പ്രഖ്യാപനം നടത്തുന്നത് അമ്മമാരും കുട്ടികളും നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ നേരിടാനുള്ള കമ്മീഷന്റെ ലക്ഷ്യത്തിൽനിന്ന് വൃതിചലിപ്പിക്കുമെന്ന് വത്തിക്കാൻ പ്രതിനിധികൾ വ്യക്തമാക്കി.

കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം എന്ന് പ്രഖ്യാപനം നടത്താൻ തയ്യാറാകണമെന്ന് യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ബർണദീത്ത ഓസ ആവശ്യപ്പെട്ടു. കുടുംബത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള സാമൂഹിക പദ്ധതികളായിരിക്കണം സർക്കാരുകളും സമൂഹവും രൂപീകരിക്കേണ്ടത്. കുട്ടികളെ വളർത്താനും പ്രായമായവരെ പരിചരിക്കാനും ആവശ്യമുള്ള വിഭവങ്ങളും സഹായങ്ങളും നൽകണം. ഇത് കുടുംബബന്ധങ്ങൾ ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ ഭ്രൂണഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നടപടി കൈകൊള്ളുന്നതിൽ പുരോഗതി ഉണ്ടാകണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള യുഎൻ പ്രതിനിധികൾ പറഞ്ഞപ്പോഴാണ് വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ബർണദീത്ത ഓസ വിഷയത്തിൽ ഇടപെട്ടത്. മറ്റുള്ള മനുഷ്യവകാശങ്ങൾക്കൊപ്പം ഭ്രൂണഹത്യ ഉൾപ്പെടുത്തുന്നത് സർക്കാരുകളും മറ്റ് ഏജൻസികളും ലക്ഷ്യം വെക്കുന്ന യഥാർത്ഥ പ്രശ്നത്തിൽ നിന്ന് തെന്നി മാറാൻ സാഹചര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പല രാജ്യങ്ങളുടെയും ധാർമികതയെയും, നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

25 വർഷം മുമ്പ് ഈജിപ്തിലെ കെയ്റോയിൽവെച്ച് നടന്ന യുഎൻ കോൺഫറൻസിന്റെ "പ്രോഗ്രാം ഓഫ് ആക്ഷൻ" എന്ന പദ്ധതിരേഖ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചാണ് അമ്പത്തിരണ്ടാമത് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് അവസാനിച്ചത്. കെയ്റോ കോൺഫറൻസിൽ ഗർഭസ്ഥശിശുവിന്റെ അവകാശങ്ങൾ മാനിക്കാതെ ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമായി പദ്ധതി രൂപീകരിക്കാനായിട്ടുള്ള ശ്രമത്തിൽ ആശങ്ക അറിയിച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോൺഫറൻസിലെ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.


Related Articles »