News - 2025

ബൈബിള്‍ എങ്ങനെ സ്വാധീനിക്കുന്നു: സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 10-04-2019 - Wednesday

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിശ്വാസികളുടെ ജീവിതത്തില്‍ ബൈബിള്‍ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പഠിക്കാന്‍ സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാൻ സമിതി. ‘ബൈബിളും നിങ്ങളും’ എന്ന് പേര് നല്‍കിയിരിക്കുന്ന സര്‍വ്വേയില്‍ പത്ത് ചോദ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ എന്താണ് നിങ്ങൾക്ക് ബൈബിൾ? എത്ര സമയത്തെ ഇടവേളകളിലാണ് ബൈബിൾ വായിക്കുന്നത്? ഏത് സാഹചര്യത്തിലാണ് ബൈബിൾ വായിക്കാൻ എടുക്കാറുള്ളത്? ബൈബിൾ വായിക്കാൻ പ്രചോദനമാകുന്നത് എന്തൊക്കെ, ബൈബിൾ വായിക്കുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങൾ എന്തൊക്കെ? വിശുദ്ധ ബൈബിള്‍ ചരിത്രപരമായ അറിവ് നേടാൻ സഹായകമാണോ? അതോ സാങ്കൽപ്പിക വിവരണമായാണോ നോക്കികാണുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സർവ്വേയിൽ മറുപടി നല്‍കേണ്ടത്.

ലത്തീൻ ബൈബിൾ വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30നു ദൈവ വചനവർഷത്തിന് തുടക്കം കുറിക്കുവാനിരിക്കെയാണ് സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാന്‍ സമിതി രംഗത്ത് വന്നിരിക്കുന്നത്. ആ സമയത്തു ബിഷപ്പ്സ് കോൺഫറന്‍സ് നടക്കുന്നുണ്ട്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ദൈവ വചനം അനേകരിലേക്ക് എത്തിക്കുവാന്‍ മെത്രാന്‍ സമിതി പുതിയ തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


Related Articles »