News
ഭീഷണിക്കിടയില്‍ പുളിമരത്തിന്റെ കീഴെ ദിവ്യബലി അർപ്പിച്ച് ശ്രീലങ്കന്‍ ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 11-04-2019 - Thursday
മൊണാറാഗാല: ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ബുദ്ധ മതസ്ഥര്‍ രംഗത്തു വന്നപ്പോള്‍ പുളിമരത്തിന്റെ കീഴെ ബലിയര്‍പ്പിച്ച് ശ്രീലങ്കന്‍ ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം. ശ്രീലങ്കയിലെ മൊണാറാഗാല ജില്ലയിൽ സ്ഥിതിചെയ്യുന്ന സിയാംബാലൻഡുവ ഗ്രാമത്തില്‍ നിന്നാണ് ഈ ക്രിസ്തു സാക്ഷ്യത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മുപ്പതോളം കത്തോലിക്കാ വിശ്വാസികൾ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. പ്രധാന ദേവാലയം ഇവിടെനിന്നും 37 കിലോമീറ്റർ അകലെയാണ്. പ്രദേശത്തെ ബുദ്ധമത വിശ്വാസികളുടെ എതിർപ്പുകാരണം കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ ദേവാലയം ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ് അക്രമമോ പ്രകോപനമോ കൂടാതെ വിശ്വാസികള്‍ പുളി മരത്തിന് കീഴില്‍ ബലിയര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നത്.
സിയാംബാലൻഡുവ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ബുദ്ധമത വിശ്വാസികളാണ്. കത്തോലിക്കർക്ക് ഒപ്പം മറ്റു ചില ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരും ഇവിടെ ജീവിക്കുന്നുണ്ട്. മോണറാഗാലാ ഇടവകയിലെ വൈദികനായ ഫാ. സുനിലാണ് പ്രദേശത്ത് എത്തി വിശുദ്ധ കുർബാന അർപ്പിച്ചത്. ബുദ്ധമത സന്ന്യാസികളും ചില ബുദ്ധമത വിശ്വാസികളും കാരണമാണ് തങ്ങൾക്ക് ദേവാലയം ഉപയോഗിക്കാൻ സാധിക്കാത്തതെന്ന് ഫാ. സുനിൽ പറയുന്നു.
മരിക്കുന്നതിനു മുമ്പുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം, തങ്ങളുടെ സ്വന്തം ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് കൂടണമെന്നതാണെന്നും നിർത്തലാക്കപ്പെട്ട മതബോധന ക്ലാസുകൾ പുനരാരംഭിക്കണമെന്നതാണെന്നും പ്രദേശത്തെ ഏറ്റവും പ്രായംകൂടിയ കത്തോലിക്കനായ അലോഷ്യസ് പറഞ്ഞു. ദേവാലയം തിരികെ ലഭിക്കാനായി താനെന്നും പ്രാർത്ഥിക്കാറുണ്ടെന്നും 94 വയസ്സുകാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ കത്തോലിക്കർ ഭൂരിപക്ഷ വിഭാഗത്തിൽനിന്ന് തുടർച്ചയായ വിവേചനം നേരിടുന്നുണ്ട്.
2011നും 2016നുമിടയ്ക്ക് മതബോധന ക്ലാസുകൾക്കെതിരെ ബുദ്ധമതവിശ്വാസികൾ ശക്തമായി പ്രതിഷേധിച്ചിരുന്നുവെന്ന് ഗ്രാമീണനും കത്തോലിക്കാ വിശ്വാസിയുമായ അന്തോണി ഫെർണാണ്ടോ പറഞ്ഞു. ഒരുതവണ അവർ കുരിശ് കത്തിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾക്ക് ഒരു മതക്കാരുമായും സംഘർഷത്തിന് താൽപര്യമില്ലെന്നും ദേവാലയം തിരികെ ലഭിക്കുകയും മതബോധനം നടത്താൻ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്താൽ മാത്രം മതിയെന്നുമാണ് ഭൂരിഭാഗം വിശ്വാസികളുടെയും അഭിപ്രായം.
