News - 2024

കമ്മ്യൂണിസ്റ്റ് ക്രൂരത വീണ്ടും: ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പ്രഖ്യാപിച്ച് ചൈന

സ്വന്തം ലേഖകന്‍ 11-04-2019 - Thursday

ഗുവാങ്സോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന രീതി കൂടുതല്‍ ശക്തമായി വ്യാപിക്കുന്നു. തങ്ങളുടെ അയല്‍വക്കങ്ങളില്‍ ഗവണ്‍മെന്‍റ് അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഗുവാങ്സോ നഗരം.

ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുവാന്‍ 30 വെള്ളിക്കാശ് വാഗ്ദാനം ചെയ്ത പുരോഹിതരെ ഓര്‍മ്മിപ്പിക്കുന്നതാണ് നടപടി. ചൈനാക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയാണ് വാഗ്ദാനം. വിദേശ മതസംഘടനകളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ്‌ യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് വത്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടികളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

സര്‍ക്കാര്‍ അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ദേവാലയങ്ങളെ ഇല്ലാതാക്കുകയാണ് ഈ നടപടിയുടെ പിന്നിലെ മറ്റൊരു ലക്ഷ്യം. ചൈനയിലെ ക്രൈസ്തവ പീഡനം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ജനുവരിയില്‍ ഷാന്‍ഗ്സി പ്രവിശ്യ അധികാരികള്‍ സ്കൂളുകള്‍ക്ക് സമീപം ദേവാലയങ്ങള്‍ പാടില്ലെന്നും, ദേവാലയത്തില്‍ വരുന്ന യുവാക്കളായ ഇടവകാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരിക്കണമെന്നും ഉത്തരവിറക്കിയിരുന്നു.

ദേവാലയങ്ങള്‍ക്ക് പുറമേ ക്രിസ്ത്യന്‍ സര്‍വ്വകലാശാലകളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഷാങ്സിക്ക് പുറമേ ഹെനാന്‍ പ്രവിശ്യയിലും സമാനമായ ഉത്തരവുകള്‍ നിലവിലുണ്ട്. സഭയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും, വിശ്വാസ പരിശീലന ക്ലാസ്സുകള്‍ക്കും വരെ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി കത്തോലിക്കാ ദേവാലയങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഇതിനോടകം തകര്‍ക്കപ്പെട്ടിരിക്കുന്നത്.


Related Articles »