News

സമാധാന അഭ്യര്‍ത്ഥനയുമായി സുഡാന്‍ നേതാക്കളുടെ കാല്‍ക്കല്‍ വീണ് പാപ്പ

സ്വന്തം ലേഖകന്‍ 12-04-2019 - Friday

വത്തിക്കാൻ സിറ്റി: സൗത്ത് സുഡാൻ നേതാക്കൾ മാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയ അപൂര്‍വ്വ ദൃശ്യത്തിനാണ് വത്തിക്കാന്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമതനേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളില്‍ വീണു ചുംബിച്ച ഫ്രാന്‍സിസ് പാപ്പ നേതാക്കളോട് സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയായിരിന്നു. അപ്രതീക്ഷിതമായ പാപ്പയുടെ പ്രവര്‍ത്തിയില്‍ നിശ്ചലരായി നില്‍ക്കുവാനേ നേതാക്കള്‍ക്ക് സാധിച്ചുള്ളൂ. ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിച്ച പാപ്പ സമാധാനപരമായ ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയായിരിന്നു.

‘സമാധാനത്തിൽ നിലനിൽക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിങ്ങളോട് പറയുന്നു, നമുക്ക് മുന്നോട്ടുപോകാം, നിരവധി പ്രശ്‌നങ്ങളുണ്ടാകാം, ആ പ്രശ്‌നങ്ങൾ പരിഹരിക്കാം’ എന്ന ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയായിരിന്നു പാപ്പയുടെ സ്‌നേഹചുംബനം. അനുരഞ്ജനത്തിന് വേണ്ടിയുള്ള ശ്രമവുമായാണ് സുഡാന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ തെക്കൻ സുഡാന്‍റെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി പ്രവർത്തിക്കാൻ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നാണ് ധ്യാനം സംഘടിപ്പിച്ചത്.

ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും സ്‌കോട്ലൻഡിലെ മുൻ പ്രിസ്ബറ്റേറിയൻ സഭാ മോഡറേറ്റർ റവ. ജോൺ ചാമേഴ്സും ഒപ്പുവച്ച ബൈബിളുകൾ ധ്യാനത്തിൽ പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചിരിന്നു. രാജ്യത്തിന്റെ സമാധാനത്തിനായി ഭരണാധിപന്മാരും സഭാനേതൃത്വവും ഒരുമിച്ച് പങ്കെടുത്ത ധ്യാനത്തിനു ഒടുവില്‍ പാപ്പയുടെ എളിമയും വിനയവും കൂടി പ്രകടമായപ്പോള്‍ സുഡാന്‍ പുതിയ സമാധാന ശ്രമങ്ങള്‍ക്കായി ആരംഭം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »