News - 2025
ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക്
സ്വന്തം ലേഖകന്‍ 13-04-2019 - Saturday
കൊച്ചി: പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും നാല്പതു ദിനരാത്രങ്ങള്‍ പിന്നിട്ട് ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഇന്നലെ വിവിധ ദേവാലയങ്ങളില്‍ നടന്ന നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. നാളെ ഓശാന ഞായറോടെ അമ്പതു നോമ്പിന്റെ ഏറ്റവും പ്രധാനപെട്ട ആഴ്ചയിലേക്ക് വിശ്വാസികള്‍ കടക്കും. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈകളിലേന്തി ആര്‍പ്പുവിളിച്ചും വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.
ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. 'ഓശാന, ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്ന ആലാപനവുമായാണു ദേവാലയങ്ങളിലേക്കുള്ള കുരുത്തോല പ്രദിക്ഷണം നടക്കുക. നാളെ വത്തിക്കാനിലും പ്രത്യേക ശുശ്രൂഷകള്‍ നടക്കും. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും.
