News - 2025
യേശുവിന്റെ പാദസ്പർശമേറ്റ വിശുദ്ധ പടവുകൾ സന്ദര്‍ശിക്കുവാന്‍ തീര്‍ത്ഥാടക പ്രവാഹം
സ്വന്തം ലേഖകന്‍ 13-04-2019 - Saturday
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ പാദസ്പർശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകൾ) സന്ദർശിക്കുവാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം. യേശുവിന്റെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥാടകര്‍ക്കു തുറന്നുകൊടുത്തത്. റോം രൂപതാ വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാട്ടിസാണ് കൂദാശാകർമം നിർവഹിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്.
ജറുസലേമിൽ പന്തിയോസ് പീലാത്തോസിന്റെ കൊട്ടാരത്തോട് ചേർന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടിൽ വത്തിക്കാനിൽ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് ജോൺ ദ ലാറ്ററൽ ബസിലിക്കയ്ക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഓൾഡ് പേപ്പൽ ലാറ്ററൽ പാലസിന്റെ ഭാഗമായ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
1724ൽ സിക്സ്റ്റസ് അഞ്ചാമന്റെ കാലത്താണ് പടിക്കെട്ടുകൾ വിശ്വാസികൾക്കായി ആദ്യമായി തുറന്നുകൊടുക്കുന്നത്. പിന്നീട് പടിക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ പിൽക്കാലത്ത് മരംകൊണ്ടുള്ള കവചം നിർമ്മിക്കുകയായിരുന്നു. ഈശോയുടെ പീഡാസഹനം ധ്യാനിച്ച് 28 പടികൾ മുട്ടുകുത്തി കയറുന്നതിനാണ് വിശ്വാസികൾ പ്രത്യേകം പ്രാധാന്യം നല്‍കുന്നത്. ഏപ്രിൽ 11മുതൽ ജൂൺ ഒൻപതുവരെയാണ് പടിക്കെട്ടിലൂടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യമുള്ളത്.