News - 2025

ഇറാനിലെ പ്രളയ ബാധിതര്‍ക്ക് ഒരു ലക്ഷം യൂറോയുടെ സഹായവുമായി പാപ്പ

സ്വന്തം ലേഖകന്‍ 13-04-2019 - Saturday

വത്തിക്കാന്‍ സിറ്റി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്ക് അടിയന്തര ആവശ്യങ്ങളെ നേരിടാനായി ഒരു ലക്ഷം യൂറോയുടെ ധനസഹായവുമായി ഫ്രാൻസിസ് മാർപാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ തിരുസംഘം മുഖേനയാണ് പണം കൈമാറിയത്. ദുരിതമനുഭവിക്കുന്നവരോടുളള ഫ്രാൻസിസ് മാർപാപ്പയുടെ ഐക്യദാര്‍ഢ്യം വീണ്ടും പ്രകടമാക്കികൊണ്ടാണ് സഹായം നൽകിയിരിക്കുന്നതെന്ന്‍ ഏപ്രിൽ പന്ത്രണ്ടിന് വത്തിക്കാൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. പ്രാദേശിക ന്യൂൺഷോ വഴിയായിരിക്കും അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുക.

കഴിഞ്ഞ മാസം ഇറാനെ പിടിച്ചുലച്ച പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായിരിന്നു. ഈ വർഷമാദ്യം വലിയ വരൾച്ചയെ നേരിട്ട രാജ്യത്തിന് മാർച്ച് മാസം അവസാനം തുടര്‍ച്ചയായി മഴ പെയ്യുകയായിരിന്നു. പ്രളയത്തിൽ 77 പേർ മരിക്കുകയും ആയിരത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. ഒന്നു മുതൽ മൂന്ന് ദശാംശം ആറു ബില്യൻ ഡോളർ വരെയുള്ള നാശനഷ്ടമാണ് കണക്കാക്കുന്നത്. കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസും, റെഡ് ക്രസന്‍റ് സൊസൈറ്റിയും ഐക്യരാഷ്ട്ര സംഘടനയുമാണ് ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Related Articles »