Social Media - 2020

'കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ട്‌'

ഫാ. ജോസഫ് ഇലഞ്ഞിമറ്റം 04-04-2020 - Saturday

വലിയ ആഴ്ച്ചയുടെ പടിപ്പുരയാണല്ലോ ഓശാന ഞായറാഴ്ച്ച. ജീവിതത്തിന്‍റെ പരക്കംപാച്ചിലുകളുമായി കുതിരപ്പുറത്ത് പോയിരുന്നവരൊക്കെ ഒന്നു വേഗത കുറച്ച് കഴുതപ്പുറത്തു കയറി ധ്യാനപൂര്‍വ്വം എളിമയോടെ യാത്ര ചെയ്യാന്‍ ഈശോ ക്ഷണിക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. ഓശാന അഥവാ ഞങ്ങളെ രക്ഷിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഈശോ വസിക്കുന്ന എന്‍റെ മനസാകുന്ന ദേവാലയത്തില്‍ പ്രവേശിച്ച് അനുതപിച്ച് കുമ്പസാരത്തിലൂടെ ജീവിതം ശുദ്ധീകരിക്കേണ്ട കാലമാണ് വിശുദ്ധവാരം.

മുഖ്യമായും രണ്ട് സംഭവങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയായിരുന്നു സുവിശേഷങ്ങളിലെ ഓശാന. ആദ്യത്തേത് പഴയനിയമ ജനതയുടെ അനുഭവമായിരുന്നെങ്കില്‍ രണ്ടാമത്തേത് വരാനിരിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ മുന്നാസ്വാദനമായിരുന്നു. എന്നാല്‍ അതില്‍ അപ്രധാനമായ ആദ്യത്തേതിനെ മാത്രം മനസിലാക്കിയ യഹൂദജനതയ്ക്ക് അബദ്ധം പിണഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഈശോയ്ക്കും ഒന്നരനൂറ്റാണ്ടു മുമ്പ് ഗ്രീക്കുകാരുടെ മ്ളേച്ചകരമായ അടിമത്തത്തില്‍ നിന്നും ജറുസലേം ദേവാലയത്തെയും ദേശത്തെയും മക്കബായ വിപ്ളവത്തിലൂടെ വിടുവിച്ച യൂദാ മക്കബേയൂസിനു നല്കിയ വരവേല്‍പ്പാണ് പഴയ നിയമത്തിലെ ഓശാന (1 മക്കബായ 13, 51). മക്കബേയൂസിന് ജറുസലേം നിവാസികള്‍ ഈന്തപ്പനകെെകളും മരചില്ലകളുമായി ആഘോഷപൂര്‍വ്വകമായ വരവേല്‍പ്പു നല്കിയത് മക്കബായരുടെ ഒന്നാം പുസ്തകം വിവരിക്കുന്നുണ്ട്. ഗ്രീക്കുകാര്‍ പന്നിമാംസം പാകം ചെയ്തും സേവൂസ് ദേവന് ആരാധനയര്‍പ്പിച്ചും അശുദ്ധമാക്കിയ ജറുസലേം ദേവാലയത്തില്‍ മക്കബേയൂസ് ശുദ്ധീകരണം നടത്തുന്നുണ്ട് (2 മക്ക 10, 7 - 10).

മരചില്ലകളും ഈന്തപ്പനക്കെെകളും വഹിച്ചുള്ള പ്രദക്ഷിണങ്ങള്‍ അന്നുമുതല്‍ യഹൂദരുടെ ദേശീയ ബോധത്തിന്‍റെ പ്രകടനങ്ങളായിരുന്നു. ലാസറിനെ മരണത്തില്‍ നിന്നുയര്‍പ്പിച്ചവന് തങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന റോമാക്കാരെ തോല്പ്പിക്കലൊക്കെ നിസ്സാരമെന്ന് ജനം കരുതി. അങ്ങനെ അസാധാരമാംവിധം ഈശോയ്ക്ക് രാഷ്ട്രീയപിന്തുണ പ്രഖ്യാപിച്ച് അവര്‍ ആര്‍പ്പുവിളിക്കുന്നു.

പരസ്യ ശുശ്രൂഷയുടെ ആദ്യം മുതലേ ജനം ഈശോയെ തെറ്റിദ്ധരിച്ചതാണ്: സമൃദ്ധമായി വീഞ്ഞു വര്‍ദ്ധിപ്പിച്ചു തരുന്നവന്‍, പണിയെടുത്തില്ലെങ്കിലും അപ്പം നല്കി തീറ്റിപ്പോറ്റുന്നവന്‍, കൂടെയുള്ളവരുടെ ഏത് ബുദ്ധിമുട്ടും അതു രോഗമാകട്ടെ പിശാചുബാധയാകട്ടെ എല്ലാം മാറ്റുന്ന രാജാവാക്കാന്‍ പറ്റിയൊരാള്‍. എന്നാല്‍ അവന്‍ ദേവാലയത്തിലുള്ള കച്ചവടക്കാരെയും മറ്റും പുറത്താക്കിയപ്പോള്‍ ജനത്തിന് മനസിലായി ഇവന്‍ നമ്മളുദ്ദേശിച്ചയാളല്ല. നമ്മുടെ സ്വൈര്യജീവിതത്തിനും സുഖസന്തുഷ്ടിക്കും ഇവന്‍ തടസ്സമാണ്.

ഇങ്ങനെ ഈശോ അവരെ നിരാശപ്പെടുത്തിയതാണ് ഓശാനവിളികള്‍ അവനെ ക്രൂശിക്കുക എന്ന ആക്രോശമായിത്തീരാന്‍ കാരണം. ജയ്വിളികള്‍ അങ്ങനെ കൊലവിളികളായി. ഈശോയ്ക്ക് ഓശാന പാടിയത് പെട്ടന്നു മറന്നു പോകുന്നവരാണ് നമ്മളെല്ലാം. അല്ലെങ്കില്‍ ആദ്യകുര്‍ബാനയില്‍ ഈശോയെ ആഘോഷപൂര്‍വ്വം സ്വീകരിച്ചിട്ട് പിന്നീടുള്ള ജീവിതത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാതെയും കുര്‍ബാന സ്വീകരിക്കാതെയും നമ്മള്‍ അവിടുത്തേയ്ക്കു തുടര്‍ന്നു ദുഃവെള്ളികള്‍ സമ്മാനിക്കുന്നതെന്തുകൊണ്ട് ?

എന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് ഈശോ മാറണം എന്ന് ശഠിക്കുന്ന ആത്മീയതയ്ക്കു നേരെയുള്ള വിമര്‍ശനമാണ് ഓശാനപെരുന്നാള്‍. ഞാനാഗ്രഹിക്കുന്ന ഈശോയായി നീ എന്‍റെയൊപ്പം വന്നാല്‍ ഞാന്‍ നിനക്ക് നിത്യകാലം ഓശാന പാടും. എന്‍റെ താളത്തിനൊത്ത് നീയില്ലെങ്കില്‍ നിന്നെ ഞാന്‍ ഉപേക്ഷിക്കും അഥവാ കുരിശില്‍ കയറ്റും എന്നത് എത്ര കച്ചവടമനസ്ഥിതിയോടെയുള്ള ആത്മീയഭാവമാണ്. അതിനു നേരെയാണ് ഈശോ ദേവാലയത്തില്‍ വച്ച് ചാട്ടവാറെടുക്കുന്നത്.

മിക്കയാളുകള്‍ക്കും വിശ്വാസജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഓര്‍മകളിലെന്നായിരിക്കും ഓശാനനാളില്‍ വികാരിയച്ചനൊപ്പം വന്ന് ഈ മഹത്വത്തിന്‍റെ രാജാവാരാകുന്നു എന്ന ചോദ്യത്തോടെ ദേവാലയകവാടത്തില്‍ മുട്ടുന്നത്. ഈ തിരുക്കര്‍മ്മങ്ങളെ വര്‍ഷാവര്‍ഷം നടക്കുന്ന വെറുമൊരു ചടങ്ങായി ആരും തെറ്റി മനസിലാക്കി വീട്ടിലേയ്ക്കു പോകരുത്. ഈശോ നമ്മുടെ ഹൃദയത്തിന്‍റെ വാതില്ക്കല്‍ വന്ന് മുട്ടുന്നതാണത്. വെളിപാടു പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു: ''ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എനിക്കു വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ ഭവനത്തില്‍ പ്രവേശിക്കുകയും അവനോടൊത്ത് ഭക്ഷണത്തിനിരിക്കുകയും ചെയ്യും'' (വെളിപാട് 3, 20).

ഈശോയ്ക്ക് വാതില്‍ തുറന്നുകൊടുക്കാതെ നാം അവനെ തിരസ്കരിക്കുമ്പോള്‍ അനുഗ്രഹപൂര്‍ണ്ണമാകേണ്ടുന്ന കുരുത്തോലചില്ലകള്‍ക്കും ഒലിവിലചില്ലകള്‍ക്കും പകരം ശാപമേറ്റ് ഉണങ്ങിപ്പോകുന്ന അത്തിവൃക്ഷത്തിന്‍റെ അവസ്ഥയിലായി മാറും നമ്മുടെ ജീവിതം. കാരണം ഈശോ ആഗ്രഹിക്കുന്ന ഫലം നമ്മിലില്ല അഥവാ നമ്മള്‍ പുറപ്പെടുവിക്കുന്നില്ല. അതുപോലെ നമ്മുടെ ജീവിതമാകുന്ന ദേവാലയം ശുദ്ധമാക്കാന്‍ നാമവിടുത്തെ അനുവദിക്കുന്നില്ല - കച്ചവടമനസ്ഥിതിയും ജഡികതാല്പര്യങ്ങളുമാണ് അവിടെ മുന്നിട്ടുനില്ക്കുന്നത്.

രാഷ്ട്രീയ വിമോചനത്തിന്‍റെ സൂചന നല്കുന്ന മക്കബായ സംഭവത്തേക്കാള്‍ താന്‍ നല്കുന്ന യഥാര്‍ത്ഥ രക്ഷയുടെ അനുഭവം എന്തെന്ന് ഈശോ സൂചിപ്പിക്കുകയാണ് ഓശാന സംഭവത്തിലൂടെ. രണ്ടാം വരവിനെ ദൈവജനം ആവേശത്തോടെ സ്വീകരിക്കുന്നതിന്‍റെ മുന്നൊരുക്കമാണ് ജറുസലേം പ്രവേശനമെന്നും അന്ത്യവിധിയാണ് ദേവാലയശുദ്ധീകരണമെന്നും ഈ സംഭവങ്ങള്‍ പ്രവൃത്തി മുഖേനയുള്ള ഉപമയാണെന്നും സഭാപിതാക്കന്‍മാര്‍ വ്യാഖ്യാനിക്കുന്നു.

വി. യോഹന്നാന്‍ വെളിപാടു പുസ്തകം ഏഴാം അധ്യായത്തില്‍ കുറിച്ചിരിക്കുന്ന വചനങ്ങളെ ഓശാന സംഭവത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ അവയ്ക്ക് ലോകാവസാനത്തോടുള്ള ബന്ധം കുറച്ചുകൂടി വ്യക്തമാകും. അതിങ്ങനെയാണ് - ''ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനു മുന്നിലും കുഞ്ഞാടിന്‍റെ മുമ്പിലും നിന്നിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഡനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും പക്കലാണ് രക്ഷ'' (വെളിപാട് 7, 9).

ജറുസലേം ദേവാലയത്തില്‍ ഇരുപതിനായിരത്തിലധികം കുഞ്ഞാടുകള്‍ ഓരോ പെസഹാക്കാലത്തും പാപപരിഹാരാര്‍ത്ഥം ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പ്രധാനപുരോഹിതന്‍റെ നേതൃത്വത്തില്‍ ആചാരവിധിപ്രകാരം പെസഹിതിരുനാളിനോടനുബന്ധിച്ചുബലിയര്‍പ്പിക്കാനുള്ള പ്രത്യേകകുഞ്ഞാടിനെ നാലു നാള്‍ മുമ്പേ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന അതേ ദിവസമാണ് നമ്മുടെ കര്‍ത്താവിന്‍റെ ജറുസലേം ദേവാലയപ്രവേശം. അറുക്കപ്പെട്ടിട്ടും ജീവിക്കുന്നതായി യോഹന്നാന്‍ സ്വര്‍ഗ്ഗദര്‍ശനത്തില്‍ കണ്ടത് ഈശോയാകുന്ന ഇതേ കുഞ്ഞാടിനെത്തന്നെയാണ്. കര്‍ത്താവിന്‍റെ രണ്ടാം വരവിനായി ഒരുക്കത്തോടെയിരിക്കാനുള്ള ആഹ്വാനമാണ് ഇതെല്ലാം നല്കുന്നത്.

ലേയ്ഡ് ഡഗ്ളസ് രചിച്ച ദ റോബ് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തില്‍ ദമത്രിയൂസ് എന്ന അടിമ ജറുസലേമില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം കണ്ട് ജനക്കൂട്ടത്തോടൊപ്പം കൂടുന്ന ഒരു രംഗമുണ്ട്. ജനങ്ങളെല്ലാം കഴുതപ്പുറത്തു കയറിപ്പോകുന്ന സുമുഖനയൊരു ചെറുപ്പക്കാരന് ഓശാന വിളിക്കുന്നു. കുറച്ചു ദൂരം ഓശാനവിളികള്‍ക്കിടയിലൂടെ നീങ്ങിക്കഴിഞ്ഞപ്പോള്‍ ദമത്രിയൂസിന്‍റെയുള്ളിലും സ്വാതന്ത്ര്യപ്രതീക്ഷ നിറയുന്നു. അയാളെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന മറ്റൊരു അടിമ ഇതുകണ്ടു ചോദിച്ചു: ''അതൊരു രാജാവാണോ ?'' ദമത്രിയൂസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: ''രാജാവാണോ എന്നെനിക്കയില്ലാ. പക്ഷേ ഞാനദ്ദേഹത്തെ പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് എന്‍റെ നേരെയുള്ള നോട്ടത്തില്‍ നിന്നും എനിക്കു മനസിലായി. ''

ഈ ഓശാന നാളിലും കര്‍ത്താവ് നമ്മെയെല്ലാം നോക്കുന്നത് കഴുതയെയും ഈ ദമത്രിയൂസിനെയുമൊക്കെ നോക്കിയതു പോലെ എനിക്കു നിന്നെ ആവശ്യമുണ്ട് എന്ന അര്‍ത്ഥത്തിലാണ്. എന്‍റെ ജീവിതം തകര്‍ച്ചകളുടെ കൂമ്പാരമാണ് എന്ന് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഓര്‍ക്കുക ഓരോ കുമ്പസാരം കഴിയുമ്പോഴും നമ്മളും ആരും കയറിയിട്ടില്ലാത്ത ആ കഴുതയെപ്പോലെ തന്നെയാവുന്നു. അഥുകൊണ്ട് ജീവിതമത്രയും ചുമന്നതെല്ലാം സ്വന്തം സുഖങ്ങളായിരുന്നല്ലോ എന്നോര്‍ത്തിനി ആരുടെയും മനസു കലങ്ങേണ്ടാ. ജീവിതഭാരമെടുത്ത് തളര്‍ന്ന കഴുതജന്മങ്ങളെ കര്‍ത്താവ് മഹത്വപ്പെടുത്തുന്ന ദിവസമാണിത്. ദാരിദ്യമുണ്ട്‌ രോഗിയാണ് ജീവിതമത്രയും കഷ്ടതകളാണ് എന്നൊക്കെ പ്രലപിക്കുന്ന കഴുതജന്മമാണ് നമ്മുടേതെങ്കില്‍ ഈ ഓശാന നാളില്‍ കര്‍ത്താവ് പറയും എനിക്കു നിന്നെക്കൊണ്ട് ആവശ്യമുണ്ട്. അടിമയായ ദമത്രിയൂസ് തിരിച്ചറിഞ്ഞ സത്യം. നീ ക്രിസ്തുവിന്‍റെ സ്വന്തമെന്നറിയുമ്പോള്‍ അന്നുവരെ നിന്നെ പുച്ഛിച്ചവരും നിന്നെ അകറ്റി നിര്‍ത്തിയവരുമൊക്കെ നിന്നെ ബഹുമാനിച്ചു തുടങ്ങും.

അതുകൊണ്ട് നമ്മുടെ സങ്കടങ്ങളുടെ നടുവിലും ജറുസലേമില്‍ ഈശോയെ വരവേറ്റ ജനതയുടെയും ആദിമസഭയുടെ പ്രാര്‍ത്ഥനകളാണ് നമ്മളും ഈ വലിയ ആഴ്ച്ച ആവര്‍ത്തിക്കേണ്ടത് - ഓശാന - കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഈ ആഴ്ച്ചയെ ഈ വര്‍ഷത്തെ ഏറ്റവും വിശുദ്ധമായ ആഴ്ച്ചയാക്കി നമുക്കു മാറ്റാം.

< Originally published on 14th April 2019>


Related Articles »