News - 2025
ക്രിസ്തുവിനെപ്പോലെ വിനയാന്വിതനാകുന്നവരിലാണ് യഥാര്‍ത്ഥ വിജയം: ഫ്രാൻസിസ് പാപ്പ
സ്വന്തം ലേഖകന്‍ 15-04-2019 - Monday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെപ്പോലെ വിനയാന്വിതനാകുകയും ദൈവഹിതത്തിനു ആമ്മേൻ പറയുകയും ചെയ്യുന്നവരിലാണെന്ന് യഥാർത്ഥമായ വിജയമെന്ന് ഓര്‍മ്മിപ്പിച്ചു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഓശാന ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന നടന്ന ശുശ്രൂഷയില്‍ കർദ്ദിനാൾമാരും വൈദികരും തീർത്ഥാടകരായ വിശ്വാസികളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചുറ്റും ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തി.ഓശാന ഞായറിലൂടെ വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിച്ചതോടെ ജീവിതത്തിന്റെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു.
പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ മനസ്സിനെ സമാധാനപരമായി ക്രമീകരിക്കാനും ഈശോ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ നമ്മെ ഒരുക്കുന്നതുവഴി തന്റെ ജീവനും കരുണയും നമുക്ക് പകർന്നുനൽകുക തന്നെയാണ് ഈശോ ചെയ്തത്. അവിടുത്തെ എളിമയും അവിടുന്ന് പകർന്ന സഹനത്തിന്റെ മാതൃകയും സ്വീകരിക്കുന്നതിലൂടെ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കഴിയും. എളിമ എന്നാൽ യാഥാർഥ്യത്തെ നിരാകരിക്കുക എന്നല്ല. മറിച്ച്, സത്യമായതിനെ അംഗീകരിക്കുക എന്നതാണ്.
കടുത്ത യാതന അനുഭവിച്ചപ്പോഴും ദുസ്സഹമായ വേദനകൾ ഏറ്റെടുത്തപ്പോഴും ഈശോ മൗനം ഭജിക്കുകയായിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളിൽ മൗനത്തിന് വലിയ ശക്തിയുണ്ടെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ ആയിരക്കണക്കിന് തീർത്ഥാടകരാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുചേർന്നത്.
