News
ജെറുസലേമിലെ ഓശാന തിരുനാളാഘോഷത്തില്‍ പങ്കെടുത്തത് പതിനയ്യായിരം പേര്‍
സ്വന്തം ലേഖകന്‍ 15-04-2019 - Monday
ജെറുസലേം: കഴുതപ്പുറത്ത് കയറി എളിമയുടെ വിനയത്തിന്റെയും മാതൃക സ്വീകരിച്ചുകൊണ്ട് ജെറുസലേമിലേക്ക് രാജകീയ പ്രവേശനം നടത്തിയ യേശുവിനെ ഓശാന പാടിയും, ഒലിവില വീശിയും വരവേറ്റതിന്റേയും സ്മരണയില്‍ വിശുദ്ധ നാടും. ഒലിവ് ശിഖരങ്ങളും, കുരുത്തോലകളും വീശിക്കൊണ്ട് വിശുദ്ധ നാട്ടില്‍ നടന്ന കുരുത്തോല തിരുനാള്‍ ആഘോഷത്തില്‍ പതിനയ്യായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് ഇസ്രായേലി പോലീസ് പറയുന്നത്. ഒലീവ് മലയില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണം, യേശു ഒറ്റുകൊടുക്കപ്പെട്ട സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഗെത്സമന്‍ തോട്ടവും കടന്ന്‍ ജെറുസലേം പഴയ നഗരത്തിലാണ് അവസാനിച്ചത്. വന്‍ സുരക്ഷയാണ് വിശുദ്ധ നാട്ടില്‍ ഉടനീളം ഏര്‍പ്പെടുത്തിയിരിന്നത്.
വിശുദ്ധ വാരം ആരംഭിച്ചതോടെ കര്‍ത്താവിന്റെ പാദസ്പര്‍ശമേറ്റ വിശുദ്ധ നാട്ടിലേക്കു വിശ്വാസികളുടെ പ്രവാഹമാണ്. പ്രധാനമായും ജെറുസലേം സന്ദര്‍ശിക്കുവാനാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും കടന്ന്‍ വരുന്നത്. ടെല്‍ അവീവും, ജാഫാ ഗേറ്റും സന്ദര്‍ശിക്കുന്നവരും കുറവല്ല. ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം, ജ്യൂവിഷ് ക്വാര്‍ട്ടര്‍, പടിഞ്ഞാറന്‍ മതില്‍, വിയാ ഡോളറോസ, ഒലീവ് മല, കഫര്‍ണാം, ചര്‍ച്ച് ഓഫ് അനണ്‍സിയേഷന്‍, ദാവീദിന്റെ നഗരം എന്നിവയാണ് ക്രൈസ്തവ തീര്‍ത്ഥാടകരുടെ മറ്റുള്ള പ്രിയപ്പെട്ട സ്ഥലങ്ങള്‍. ഇസ്രായേൽ, പാലസ്തീന്റെ പ്രദേശം, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലുളള കത്തോലിക്ക വിശ്വാസികളുടെ ചുമതല ജറുസലേമിലെ പാത്രിയാര്‍ക്കീസിനാണ്.
