News
വന്‍ അഗ്‌നിബാധ: കണ്ണീരായി നോട്രഡാം കത്തീഡ്രല്‍
സ്വന്തം ലേഖകന്‍ 16-04-2019 - Tuesday
പാരീസ്: 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തിയുള്ള അഗ്നിബാധ ഉണ്ടായത്. അതേസമയം തീപിടിത്തം ആസൂത്രിതമാണെന്നും അഭ്യൂഹങ്ങളുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്.
400ൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്. സംഭവത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടി മാറ്റിവച്ചു. അഗ്നിബാധയെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലായെങ്കിലും തീപ്പിടിത്തം ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസിൽ നിരവധി പള്ളികൾക്കു നേരെ ആക്രമണം നടന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുള്ളതായേക്കുമെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമില്ല.
ഇതിനിടെ ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.
Posted by Pravachaka Sabdam on