News
ബനഡിക്റ്റ് പതിനാറാമന്‍ പാപ്പക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍
സ്വന്തം ലേഖകന്‍ 16-04-2019 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍. പിറന്നാൾ ആശംസകളുമായി ഫ്രാൻസിസ് പാപ്പ ഇന്നലെ വത്തിക്കാന്‍ ഗാര്‍ഡനിൽ എത്തി ബനഡിക്ട് പാപ്പയെ സന്ദർശിച്ചിരുന്നു. 2005-ൽ എഴുപത്തിയെട്ടാം ജന്മദിനത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്.
സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ബനഡിക്ട് മാർപാപ്പയുടെ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ മാർക്ക്റ്റിൽ സ്ഥിതി ചെയ്യുന്ന ജന്മഗൃഹം അദ്ദേഹത്തിന്റെ 80 -ാം ജന്മദിനം മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ധാരാളം ആളുകളാണ് ഈ സ്ഥലവും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്ര ചലച്ചിത്ര പ്രദർശന ഹാളുകളും സന്ദർശിക്കാൻ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
