Events

ഇതാ ബ്രിട്ടനിൽ നിന്നും ഒരു സ്നേഹഗാഥ!.. മാതൃകയാക്കാം ഈ വൈദികനെയും ഈ ദൈവജനത്തെയും

സ്വന്തം ലേഖകന്‍ 23-04-2019 - Tuesday

കുടിയേറ്റം എല്ലാകാലത്തും കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. പുതിയ ദേശവും, ഭാഷയും, സംസ്കാരവും, ജോലിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉയർത്തുന്ന വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് പ്രവാസികൾ വിദേശരാജ്യങ്ങളിൽ അവരുടെ ജീവിതം ആരംഭിക്കുന്നത്.

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുകയും, അവരുടെ വേദനകളിലും സങ്കടങ്ങളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത വൈദികനാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളായ ഫാ. സജി മലയിൽപുത്തൻപുരയിൽ. അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പിന്നിടുമ്പോൾ അതിന്റെ രജതജൂബിലി ആഘോഷങ്ങൾ വിശ്വാസികൾ തന്നെ ഏറ്റെടുത്തു നടത്തുകയും, അതിൽ പങ്കെടുക്കാൻ മണിക്കൂറുകളോളം യാത്രചെയ്ത് യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുകയും, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അത് ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ആഘോഷമാക്കി മാറ്റുകയും ചെയ്തപ്പോൾ അത് ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സ്നേഹഗാഥയായി മാറി.

പൗരോഹിത്യം എന്നത് ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, പിന്നെയോ അത് ശുശ്രൂഷിക്കാനുള്ള വിളിയാണെന്ന യാഥാർഥ്യം സജിയച്ചൻ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചപ്പോൾ, പൗരോഹിത്യം എക്കാലവും ആദരിക്കപ്പെടേണ്ടതും, സ്നേഹിക്കപ്പെടേണ്ടതും, സംരക്ഷിക്കപ്പെടേണ്ടതുമാണ് എന്നു ലോകത്തോട് പ്രഘോഷിച്ചുകൊണ്ട് യുകെയിലെ വിശ്വാസികൾ നടത്തിയ രജതജൂബിലി ആഘോഷങ്ങൾ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക്, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിനു മുഴുവൻ ഒരു മാതൃകയാണ്. നിരവധി വേദനകളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോകുന്ന പ്രവാസി ജീവിതത്തിൽ വൈദികരും അല്മായരും എങ്ങനെ പരസ്പരം സഹകരിച്ചു കൊണ്ട് സ്നേഹത്തിന്റെ മഹാകാവ്യം രചിക്കാം എന്നതിന്റെ തെളിവാണ് ഈ വൈദികനും, ഈ വിശ്വാസി സമൂഹവും.

ശ്രീലങ്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ നാളുകളിൽ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ക്രൈസ്തവരെ ഓർമ്മിച്ചുകൊണ്ടും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടും വിശുദ്ധ കുർബ്ബാനയോടുകൂടിയാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും, രൂപതയുടെ മറ്റ് വികാരി ജനറാൾമാരും, ഷൂഷ്ബറി രൂപതയിൽ നിന്നും, സീറോമലബാർ രൂപതയിൽ നിന്നുമുള്ള നിരവധി വൈദികരും സജിയച്ചനോടൊപ്പം സഹകാർമികരായ ദിവ്യബലി എല്ലാവർക്കും ഒരു വലിയ ആത്മീയ വിരുന്നായി മാറി.

പിന്നീട് ക്നാനായ പാരമ്പര്യപ്രകാരമുള്ള നടവിളികളും, പുരാതനപ്പാട്ടുകളുമായി വിശ്വാസികൾ സജിയച്ചനെയും സ്രാമ്പിക്കൽ പിതാവിനെയും ആശംസാ സമ്മേളന വേദിയിലേക്ക് ആനയിച്ചു. അഭിവന്ദ്യ പിതാവും, മറ്റ് വൈദികരും അല്മായ സംഘടനാ ഭാരവാഹികളും സജിയച്ചന്റെ ത്യാഗോജ്വലവും സ്നേഹനിർഭരവുമായ പൗരോഹിത്യ ജീവിതത്തെക്കുറിച്ചു ആശംസകളർപ്പിച്ചു സംസാരിച്ചപ്പോൾ അത് പലരുടെയും ഓർമ്മകളെ പിന്നോട്ട് നയിക്കുകയും, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു.

വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും ആശംസകളർപ്പിച്ച പലരും അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്നും ഓർമ്മിച്ചു.

പിന്നീട് എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ട് സംസാരിച്ച സജിയച്ചൻ തന്റെ ദൈവികവിളിക്കു കാരണമായ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹനിർഭരവും, ത്യാഗോജ്വലവും, പ്രാർത്ഥനാനിരതവുമായ കുടുംബജീവിതത്തെക്കുറിച്ചു വിവരിച്ചപ്പോൾ അത് അനേകരുടെ കണ്ണു തുറപ്പിച്ചു. ഒരു നല്ല കുടുംബത്തിൽ നിന്നാണ് ഒരു നല്ല വൈദികൻ ജനിക്കുന്നത് എന്ന യാഥാർഥ്യം അനേകർ തിരിച്ചറിഞ്ഞു. തന്റെ പൗരോഹിത്യജീവിതത്തിൽ തന്നെ സഹായിക്കുകയും, പ്രചോദനമാവുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ വ്യക്തികൾക്കും സമൂഹങ്ങൾക്കും സംഘടനകൾക്കും മാധ്യമപ്രവർത്തകർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കുടുബത്തിലെ ബന്ധങ്ങളുടെ ആർദ്രതയും കെട്ടുറപ്പും ഈ ആഘോഷളിലുടനീളം വിളിച്ചോതി. ഈ ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുവാൻ എത്തിച്ചേരാൻ സാധിക്കാത്തവർക്കായി ക്നാനായ വോയിസ് ലൈവ് ടെലികാസ്റ് ഒരുക്കിയിരുന്നു.

വിശ്വാസജീവിതത്തിൽ ദൈവവിളിയുടെ പ്രധാന്യം തിരിച്ചറിയാൻ പുതിയ തലമുറയെ സഹായിക്കുന്നവിധത്തിൽ ഈ രജതജൂബിലി ആഘോഷങ്ങൾ ക്രമീകരിക്കാൻ സാധിച്ചു എന്നതിൽ ഇതിന്റെ സംഘാടകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിശ്വാസപ്രഘോഷണത്തിന് ഉതകുന്ന രീതിയിലുള്ള കലാപരിപാടികൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്നതിന് St Marys ക്നാനായ മിഷൻ നേതൃത്വം നൽകിയത് സജിയച്ചന്റെ നേതൃത്വത്തിൽ ഈ വിശ്വാസി സമൂഹം കൈവരിച്ച ആത്മീയ വളർച്ചയുടെ അടയാളമാണ്. തികഞ്ഞ മരിയഭക്തനായ സജിയച്ചൻ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികളെ എന്നും പഠിപ്പിച്ചിരുന്നു. അതിന്റെ നന്ദിസൂചകമായി ഈ മിഷനിലെ സ്ത്രീകൾ ജപമാല നൃത്തരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട്, അവർ നിർമ്മിച്ച വലിയ ജപമാല പുതിയതലമുറക്ക് കൈമാറിയത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.

തുടർന്ന് ട്രാഫൊർഡ് ക്നാനായ നാടക സമിതി അവതരിപ്പിച്ച "വീഞ്ഞ്" എന്ന നാടകം, കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും മദ്യം വിതയ്ക്കുന്ന വിപത്തുകളെക്കുറിച്ച് അനേകർക്ക് മുന്നറിയിപ്പുനല്കുന്നതിന് കാരണമായി. സ്നേഹ വിരുന്നോടെ സമാപിച്ച രജതജൂബിലി ആഘോഷങ്ങൾ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ജീവിതത്തിൽ എക്കാലവും ഓർമ്മിച്ചുവയ്ക്കാവുന്ന ഒരു വലിയ അനുഭവമായി മാറി.


Related Articles »