Faith And Reason - 2024

ദൈവവിശ്വാസമാണ് അമേരിക്കന്‍ നയങ്ങളുടെ പിന്നിലെ ചാലകശക്തി: വൈറ്റ്ഹൗസ് സ്റ്റാഫ് തലവന്‍

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളുടെ പിന്നിലെ ചാലക ശക്തി ദൈവവിശ്വാസമാണെന്ന് വൈറ്റ്ഹൗസ് സ്റ്റാഫ് തലവന്‍ മിക്ക് മുള്‍വാനിയുടെ തുറന്നുപറച്ചില്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഭരണകൂടങ്ങളില്‍ നിന്നും വിരുദ്ധമായി ദൈവവിശ്വാസമാണ് ട്രംപ് ഭരണകൂടത്തിന്റെ നയപദ്ധതികളുടെ പിന്നിലെ ശക്തിയെന്നു മുള്‍വാനി ആവര്‍ത്തിച്ചു.

വിവിധ ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ മറ്റ് വിശ്വാസങ്ങളില്‍ നിന്നുള്ളവര്‍ക്കും പരസ്യമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുവാനുള്ള അനുവാദം പ്രസിഡന്റ് തന്നിട്ടുണ്ടെന്നും മുള്‍വാനി പറഞ്ഞു.വചനപ്രഘോഷകനായ ആന്‍ഡ്ര്യൂ ബ്രന്‍സനെ തുര്‍ക്കിയില്‍ നിന്നും മോചിപ്പിക്കുവാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളേയും അദ്ദേഹം ഉദാഹരിച്ചു. ഗര്‍ഭഛിദ്രത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ കൊണ്ടുവരുവാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഗര്‍ഭഛിദ്രത്തെ സംബന്ധിച്ചായിരിന്നു ഇത്തവണത്തെ നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ മുഖ്യചര്‍ച്ചാവിഷയം. മുള്‍വാനിക്ക് പുറമേ ഇന്‍റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം സംഘടനയുടെ അമേരിക്കന്‍ അബാസഡറായ സാം ബ്രൌണ്‍ബാക്കും, ക്രിസ്റ്റഫര്‍ എച്ച്. സ്മിത്തുംഇക്കൊല്ലത്തെ നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്തു, സിസ്റ്റര്‍ ബെഥനി മഡോണ, ഫീനിക്സ് രൂപതാ മെത്രാനായ തോമസ്‌ ഓംസ്റ്റെഡ്, കത്തോലിക്കാ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഫെല്ലോഷിപ്പ് സ്ഥാപകനായ കുര്‍ട്ടിസ് മാര്‍ട്ടിന്‍ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ക്രൈസ്തവ സംഘടനകളായ ബെക്കെറ്റ് ഫണ്ട് ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ റിലീജിയണുമാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചത്.


Related Articles »