Youth Zone - 2024

യുവജന വര്‍ഷത്തില്‍ ക്രിസ്തുവിനെ ആശ്ലേഷിച്ച് ഫിലിപ്പീന്‍സ് യുവത്വം

സ്വന്തം ലേഖകന്‍ 27-04-2019 - Saturday

മനില: ഫിലിപ്പീൻസിന്റെ അഞ്ഞൂറ് വിശ്വാസ വർഷങ്ങൾ ആചരിക്കുന്നതിന്റെ മുന്നോടിയായും യുവജന വര്‍ഷത്തിന്റെ ഭാഗമായും രാജ്യത്തു ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ആവേശകരമായ ആരംഭം. പതിനയ്യായിരം യുവജനങ്ങളാണ് ആദ്യത്തെ ദിവസത്തെ ശുശ്രുഷകളിൽ പങ്കെടുത്തത്. ഏപ്രിൽ 24 ന് സെബു പ്രവിശ്യയിൽ ആരംഭിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരെ സെബു ആർച്ച് ബിഷപ്പ് ജോസ് പാൽമ സ്വാഗതം ചെയ്തു. ദൈവത്തിൽ ആശ്രയിക്കുവാനും അവിടുത്തെ കാരുണ്യപൂർവമായ ഹൃദയത്തിൽ അഭയം കണ്ടെത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ് രാജ്യത്തു എത്തിയ സത്യ വിശ്വാസത്തിനു നാം അടുത്ത അഞ്ചു ദിവസങ്ങളിലായി നന്ദിയോടെ ദൈവത്തിനു സ്തുതിഗീതങ്ങൾ അർപ്പിക്കണമെന്നു സെബു ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന എപ്പിസ്കോപ്പൽ കമ്മീഷൻ അധ്യക്ഷനും ബാങ്ക്ഡ് മെത്രാനുമായ ലിയോപോൾഡ് ജൗസിയൻ, യൂവജനങ്ങൾക്കു ആശംസകൾ നേർന്നു. ദൈവിക വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുമ്പോൾ യുവജനങ്ങൾക്കു മറ്റുള്ളവരെ സേവിക്കുവാൻ കഴിയുമെന്നും യേശുവിലേക്കു തിരിയുവാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഗമ വേദിയായ സ്പോർട്സ് സെന്ററിന്റെ സുരക്ഷയ്ക്കായി ആയിരം പോലീസ് ഉദ്യോഗസ്ഥരെയും അഞ്ഞൂറ് സൈനികരേയുമാണ് അധികൃതർ നിയോഗിച്ചിരിക്കുന്നത്.


Related Articles »