Faith And Reason

പ്രാര്‍ത്ഥനക്ക് ലഭിച്ച ഉത്തരം: കടലില്‍ രക്ഷയുടെ കരം നീട്ടി 'ആമേന്‍'

സ്വന്തം ലേഖകന്‍ 07-05-2019 - Tuesday

ഫ്ലോറിഡ: നടുക്കടലില്‍ നിന്നു ഇനി കരയിലെത്തില്ലെന്നും, ഇനിയൊരു ജീവിതമില്ലെന്നും ആശങ്കയിലാണ്ട കൗമാരക്കാര്‍ക്കു പ്രാര്‍ത്ഥനയില്‍ പുതുജീവിതം. മരണത്തെ മുന്നില്‍കണ്ടുകൊണ്ടാണ് പതിനേഴുകാരനായ ടൈലര്‍ സ്മിത്തും, അതേ പ്രായമുള്ള ഹീതര്‍ ബ്രൌണും ദൈവത്തെ വിളിച്ചപേക്ഷിച്ചത്. അവരുടെ അപേക്ഷക്കു സ്വര്‍ഗ്ഗം നല്‍കിയ മറുപടിയെന്നോണമാണ് ‘ആമേന്‍’ എന്ന ബോട്ടിലൂടെ ദൈവകരങ്ങള്‍ എത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിന്റെ വ്ജാക്സ് (WJAX) ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്ലോറിഡ സ്വദേശികളായ സ്മിത്തും, ബ്രൌണും തങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥ വിവരിച്ചത്.

‘സീനിയര്‍ സ്കിപ് ഡേ’ ആഘോഷത്തോടനുബന്ധിച്ച് സെന്റ്‌ അഗസ്റ്റിനു സമീപമുള്ള വില്ലാനോ ബീച്ചില്‍ നീന്താന്‍ പോയതായിരുന്നു ഇരുവരും. ഒരു കൂറ്റന്‍ തിരയില്‍പ്പെട്ട ഇരുവരും കരയില്‍ നിന്നും ഒരുപാട് അകലെയെത്തുകയായിരിന്നു. രക്ഷപ്പെടുവാനായി ഏറെ നേരം നീന്തിയെങ്കിലും കൈകാലുകള്‍ അനക്കുവാന്‍ പോലും കഴിയാതെ മരണത്തെ മുന്നില്‍ കണ്ട അവസരത്തിലാണ് തങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചതെന്ന് ഇരുവരും പറയുന്നു. “ഞങ്ങളെ പ്രതി അങ്ങേക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍, ദയവായി വരൂ. എന്തെങ്കിലും അത്ഭുതത്താല്‍ ഞങ്ങളെ രക്ഷിക്കൂ” എന്ന് താന്‍ നിലവിളിച്ചു അപേക്ഷിച്ചതായി സ്മിത്ത് പറയുന്നു.

അധികം വൈകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം പോലെ ഒരു ആഡംബര ബോട്ട് അവരെ തേടിയെത്തുകയായിരിന്നു. തന്റെ ആഡംബര ബോട്ടുമായി ഫ്ലോറിഡയിലെ ഡെല്‍റേ ബീച്ചില്‍ നിന്നും ന്യൂ ജേഴ്സിയിലേക്കുള്ള യാത്രയിലാണ് 'ആമേന്‍' എന്ന ബോട്ടിന്റെ ഉടമ എറിക് വാഗ്നര്‍ കൗമാരക്കാരുടെ കരച്ചില്‍ കേട്ടത്. അപ്പോള്‍ ഇരുവരും കരയില്‍ നിന്നും ഏതാണ്ട് 2 മൈല്‍ ദൂരെയായിരുന്നുവെന്ന് വാഗ്നര്‍ പറയുന്നു. തന്നെ വെള്ളത്തില്‍ നിന്നും ബോട്ടിലേക്ക് വലിച്ചു കയറ്റുമ്പോള്‍ തന്റെ വായില്‍ നിന്നും വന്ന ആദ്യത്തെ വാക്ക് “ദൈവം യാഥാര്‍ത്ഥ്യമാണ്” എന്നതായിരുന്നുവെന്നാണ് ബ്രൌണ്‍ പറഞ്ഞത്.

ഈ സംഭവം ദൈവത്തിലുള്ള തന്റെ വിശ്വാസത്തേ ഏറെ ശക്തിപ്പെടുത്തിയതായി ബോട്ടിന്റെ ഉടമയായ വാഗ്നര്‍ സാക്ഷ്യപ്പെടുത്തുന്നു. “ഇത് ശരിക്കും ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ, ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ദൈവം എത്തിക്കുകയായിരുന്നു” വാഗ്നര്‍ പറഞ്ഞു. ബോട്ടിന്റെ ‘ആമേന്‍’ എന്ന പേര് മാറ്റുവാനിരുന്ന വാഗ്നര്‍ ഈ സംഭവത്തിന് ശേഷം ഇനിയൊരിക്കലും പേര് മാറ്റില്ലെന്നും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതേസമയം സ്വര്‍ഗ്ഗം തങ്ങളുടെ പ്രാര്‍ത്ഥനക്കു നല്‍കിയ മറുപടിക്ക് ദൈവത്തിന് നന്ദി പറയുകയാണ് സ്മിത്തും ബ്രൌണും.


Related Articles »