Faith And Reason - 2024

ബൈബിൾ പഠനം നടത്തുന്ന സ്ത്രീകളിൽ മാനസിക സമ്മർദ്ധം കുറവെന്ന് പഠനഫലം

സ്വന്തം ലേഖകന്‍ 25-05-2019 - Saturday

കാലിഫോര്‍ണിയ: ബൈബിൾ പഠനം നടത്തുന്ന സ്ത്രീകളിൽ മാനസിക സമ്മർദ്ധം കുറവാണെന്ന് പുതിയ പഠനഫലം. അമേരിക്കയിലെ വിവിധ ഇടവകകളിൽ നടക്കുന്ന 'ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാമി'ന്റെ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബൈബിളിനെ പറ്റി ആഴത്തിൽ പഠിച്ചത് സ്ത്രീകളുടെ പെരുമാറ്റത്തിലും, ജീവിതരീതികളിലും പ്രതിഫലിച്ചുവെന്നും കുടുംബ ബന്ധങ്ങൾ കൂടുതല്‍ ഊഷ്മളമായതായും ഫലം ചൂണ്ടിക്കാട്ടുന്നു.

സർവ്വേയിൽ പങ്കെടുത്ത 91 ശതമാനം സ്ത്രീകളും ബൈബിൾ പഠനം നടത്തുന്നത് കൊണ്ട് മാനസിക സമ്മർദ്ധം കുറഞ്ഞതായി പറഞ്ഞു. ക്ഷമയോടെ പ്രതിസന്ധികളെ നേരിടുവാനും മറ്റുള്ളവരോട് പെരുമാറുമ്പോൾ കൂടുതൽ അടക്കം പാലിക്കാൻ സാധിക്കുന്നതായും 94 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാമിൽ നിന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചെന്ന് സർവ്വേയിൽ പങ്കെടുത്ത നല്ലൊരുഭാഗവും അഭിപ്രായപ്പെട്ടു.

കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടെന്ന് സർവേയിൽ പങ്കെടുത്ത 99 ശതമാനം സ്ത്രീകളാണ് അഭിപ്രായപ്പെട്ടത്. 7880 സ്ത്രീകളില്‍ നടത്തിയ പഠന ഫലമാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ലിസ ബ്രണ്ണിക്ക്മേയർ എന്ന വനിതയാണ് യുവതികളായ അമ്മമാർക്കായി 2002ൽ ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാം ആരംഭിക്കുന്നത്. കഴിഞ്ഞവർഷം മാത്രം 35000 സ്ത്രീകളെയാണ് ക്രിസ്തുവുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ ബൈബിൾ സ്റ്റഡി പ്രോഗ്രാം സഹായിച്ചത്.


Related Articles »