India - 2025

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 02-06-2019 - Sunday

കൊച്ചി: കലാ, സാഹിത്യ, സാംസ്‌കാരിക ദാര്‍ശനിക, മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം നല്‍കിയവരെ ആദരിച്ചുകൊണ്ടുള്ള കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിസ്റ്റ് ഫ്രാന്‍സിസ് നൊറോണയ്ക്കാണു കെസിബിസി സാഹിത്യ പുരസ്‌കാരം. അശരണരുടെ സുവിശേഷം, കക്കുകളി, തൊട്ടപ്പന്‍ തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണ ആലപ്പുഴ സ്വദേശിയാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കെസിബിസി സംസ്‌കൃതി പുരസ്‌കാരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ചലച്ചിത്ര സംവിധായകന്‍, ഗവേഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ സി. രാധാകൃഷ്ണനു കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കെസിബിസി മാധ്യമ അവാര്‍ഡിനു മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിലെ അസിസ്റ്റന്റ് എഡിറ്റര്‍ ബോബി ഏബ്രഹാം അര്‍ഹനായി. എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി ജോസിനാണു യുവപ്രതിഭാ പുരസ്‌കാരം. ബറീഡ് തോട്ട്‌സ്, ദൈവത്തിന്റെ ചാരന്‍മാര്‍ എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനു ഡോ. കെ.എം. ഫ്രാന്‍സിസ് അര്‍ഹനായി. മാര്‍ക്‌സിസത്തിന്റെ താത്വിക അടിത്തറകള്‍, തിരിച്ചുവരവ്, എഴുത്തിന്റെ അപൂര്‍ണത എന്നിവ രചനകളാണ്.

കെസിബിസി ഗുരുപൂജാ പുരസ്‌കാരം ഇക്കുറി മൂന്നുപേര്‍ക്കു നല്‍കും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കാര്‍ഷിക, ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കു ദേശീയ അന്തര്‍ദേശീയ പുരസ്‌കാര ജേതാവുമായ ഡോ. കെ.വി. പീറ്റര്‍, തിരക്കഥാകൃത്തും മാക്ട സ്ഥാപക സെക്രട്ടറിയുമായ ജോണ്‍ പോള്‍, ബൈബിള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ റവ. ഡോ. കുര്യന്‍ വാലുപറന്പില്‍ എന്നിവര്‍ക്കാണു ഗുരുപൂജാ പുരസ്‌കാരങ്ങള്‍. പുരസ്‌കാരദാനം ഈ മാസം 30നു പിഒസിയില്‍ നടക്കും. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്പവുമാണു പുരസ്‌കാരങ്ങള്‍.


Related Articles »