India - 2025
കെസിബിസി വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍
സ്വന്തം ലേഖകന്‍ 04-06-2019 - Tuesday
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനം പിഒസിയില്‍ ഇന്നു മുതല്‍ ആറു വരെ നടക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ 'പ്രേഷിതത്വം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം' എന്ന വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പില്‍ പ്രബന്ധം അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞു പാനല്‍ ചര്‍ച്ചയില്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി എന്നിവര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തി പ്രസംഗിക്കും. യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്‌നങ്ങളും, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം, ഓഖി ദുരിതാശ്വാസപുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണവും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു കെസിബിസി സമ്മേളനം ചര്‍ച്ച ചെയ്യും.
