India - 2025
മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
സ്വന്തം ലേഖകന്‍ 05-06-2019 - Wednesday
കൊച്ചി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ജീവിതലാളിത്യത്തിന്റെയും പ്രാര്‍ഥാനാജീവിതത്തിന്റെയും ശക്തമായ സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സഭാ ശുശ്രൂഷകളില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യക്തിപരമായ ബന്ധങ്ങളില്‍ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചിരുന്ന നന്മ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മാതൃകാപരമായ ലളിത ജീവിത ശൈലി പാലിച്ച പിതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദികപരിശീലനരംഗത്തും, സഭൈക്യരംഗത്തും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും തിരുവല്ല അതിരൂപതയുടെയും കത്തോലിക്കാ സഭയുടെയും വളര്‍ച്ചയ്ക്കായി ത്യാഗപൂര്‍ണവും മാതൃകാപരവുമായ ശുശ്രൂഷകളാണ് അദ്ദേഹം നിര്‍വഹിച്ചതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.
ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കൂടെയുളള ആള്‍ എന്ന അവബോധം ജനിപ്പിച്ച വ്യക്തിയായിരുന്നുവെന്നും തിരുമേനിയുടെ ശിഷ്യഗണങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം സമീപസ്ഥനായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. തികഞ്ഞ സാത്വികനായിരുന്ന പിതാവ് ആഴമായ ദൈവവിശ്വാസത്തിലും ദൈവസ്‌നേഹത്തിലും അടിയുറച്ച വ്യക്തിയായിരുന്നുവെന്നും പിതാവിന്റെ അജപാലന ശുശ്രൂഷകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായിരുന്നുവെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു. നാളെ ഉച്ചകഴിഞ്ഞ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലാണ് സംസ്കാരശുശ്രൂഷകള്‍ നടക്കുക.