Life In Christ

നൂറാം ജന്മദിനം 'വൈദിക മക്കളോ'ടൊപ്പം ആഘോഷിച്ച് ഫാ. ഡോണ്‍ പ്രൊബോ

സ്വന്തം ലേഖകന്‍ 05-06-2019 - Wednesday

റിമിനി: ആകെ മക്കളുടെ എണ്ണം-ഏഴ്, അതില്‍ നാലുപേര്‍ വൈദികര്‍. ഫാ. ഡോണ്‍ പ്രൊബോ എന്ന കത്തോലിക്ക വൈദികന്റെ മക്കളേ കുറിച്ചാണ് പറഞ്ഞു വന്നത്. മക്കളുള്ള ഡോണ്‍ പ്രൊബോ എങ്ങനെ വൈദികനായി? സ്വഭാവികമായും ഉയരാവുന്ന ചോദ്യമാണ്. സംഭവബഹുലമായിരിന്നു ഈ വൈദികന്റെ ജീവിതം. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യം പറഞ്ഞാല്‍ 1919 ജൂൺ നാലിനായിരിന്നു ഡോണ്‍ പ്രൊബോയുടെ ജനനം. ഒന്നാം ലോകമഹായുദ്ധത്തിന്റെ തിരിച്ചടിയില്‍ നിന്ന്‍ രക്ഷനേടാൻ ബാല്യത്തിൽതന്നെ റഷ്യയിലേക്ക് പലായനം ചെയ്ത അദ്ദേഹം അധികം വൈകാതെ തന്നെ ഇറ്റലിയിൽ തിരിച്ചെത്തി. റെയിൽവേ സർവേയറായി ജോലി ആരംഭിച്ചകാലത്തു അന്ന മരിയ എന്ന യുവതിയെ വിവാഹം ചെയ്തു.

വിശ്വസസ്തതാപൂര്‍വ്വമായ ദാമ്പത്യ ജീവിതത്തിന് ദൈവം സമ്മാനിച്ചത് എഴുമക്കളെയാണ്. അതില്‍ നാലുപേരും കര്‍ത്താവിന് വേണ്ടിയുള്ള ശുശ്രൂഷ ദൌത്യം ഏറ്റെടുത്തപ്പോള്‍ കുടുംബത്തില്‍ വിരിഞ്ഞത് നാലു വൈദികര്‍. ഫാ. ജിയോവാന്നി, ഫാ. ഫ്രാൻസെസ്‌കോ, ഫാ. ജോവാക്കിനോ, ഫാ. ജൂസെപ്പെ എന്നീ നാലുമക്കള്‍ ഡോണ്‍ പ്രൊബോ- അന്ന മരിയ ദമ്പതികളുടെ തിരുസഭക്കുള്ള സമ്മാനമായി മാറി. അന്‍പത്തിയൊന്നാം വയസിൽ ജീവിതപങ്കാളിയുടെ അപ്രതീക്ഷിത വേർപാടോടെ ഇളയ മക്കളും ഡോണ്‍ പ്രൊബോയും തനിച്ചായി. എന്നാല്‍ തോറ്റുകൊടുക്കാനോ ജീവിതം നിരാശയോടെ തള്ളിനീക്കാനോ അദ്ദേഹം തയാറായിരിന്നില്ല. തീക്ഷ്ണതയോടെ അദ്ദേഹം തന്റെ ആത്മീയ ജീവിതം മുന്നോട്ട് കൊണ്ടുപോയി. അധികം വൈകാതെ തന്നെ ഡീക്കൻപട്ടം സ്വീകരിച്ചു.

എന്നാല്‍ വൈദികനാകുമെന്ന് അപ്പോഴും അദ്ദേഹം കരുതിയിരിന്നില്ല. മാതൃ ഇടവകയായ വെന്റിയിലെ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന അദ്ദേഹം അക്കാലത്താണ് പഞ്ചക്ഷത ധാരിയായിരുന്ന വിശുദ്ധ പാദ്രെ പിയോ താമസിച്ചിരുന്ന സാൻ ജിയോവാനി റോട്ടൊൻഡോയിലെ ആശ്രമം സന്ദർശിച്ചത്. അന്ന്‍ അവിടെ നടന്ന ദിവ്യബലിമധ്യേയാണ് സ്വര്‍ഗ്ഗീയമായ ബോധ്യം അദ്ദേഹത്തിന് ലഭിക്കുന്നത്. കര്‍ത്താവിന്റെ നിത്യപൌരോഹിത്യത്തില്‍ പങ്കുചേരണം. അധികം വൈകിയില്ല, വൈദികനാകാനുള്ള ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് മക്കളായ വൈദികരോട് തന്നെ. അവർക്ക് പൂര്‍ണ്ണ സമ്മതം. പിന്നീട് സഭാപരമായ അനുവാദത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍. ഒടുവില്‍ വത്തിക്കാന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ 1988ൽ, തന്റെ 69-ാം വയസിൽ അദ്ദേഹം തിരുപട്ടം സ്വീകരിച്ച് റിമിനി രുപതക്കു വേണ്ടി വൈദികനായി.

മരണംമൂലം ജീവിതപങ്കാളി വേർപെട്ടശേഷം പിതാവിന്റെ ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കി പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവന്നവർ നിരവധിയുണ്ടെങ്കിലും വൈദികരായ നാല് മക്കളുടെ പിതാവായ വൈദികൻ എന്നതാണ് ഫാ. ഡോണ്‍ പ്രൊബോയെ വ്യത്യസ്ഥനാക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇടവക ശുശ്രൂഷയ്ക്ക് ശേഷം വാർധക്യസഹജമായ ബുദ്ധിമുട്ടുകളാൽ വിശ്രമജീവിതത്തിലാണെങ്കിലും ക്രിസ്തുവിനായുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹം ഇപ്പോഴും ശ്രദ്ധേയമാണെന്നാണ് പലരും പറയുന്നത്. അതിന് വ്യക്തമായ ഉദാഹരണമാണ് സെന്റ് മാർട്ടിൻ ദൈവാലയത്തിലുള്ള അനുദിന ദിവ്യബലി അർപ്പണം. പൗരോഹിത്യത്തിന്റെ 31-ാം വർഷത്തിലും അത് ഇപ്പോഴും തുടരുന്നു.

ഫാ. ഡോണ്‍ പ്രൊബോയുടെ നൂറാം ജന്മദിനമായിരിന്നു കഴിഞ്ഞ ദിവസം. റിമിനി കത്തീഡ്രൽ ദേവാലയത്തില്‍ തന്റെ രൂപതാ അധ്യക്ഷനായ ബിഷപ്പ് ഫ്രാൻചെസ്കോ ലാംബിയാസിയുടെയും വൈദിക മക്കളുടെയും ഒപ്പം അദ്ദേഹം കൃതജ്ഞത ബലിയര്‍പ്പിച്ചു. ദൈവം നല്‍കിയ അനന്തമായ നന്മകള്‍ക്കുള്ള കൃതജ്ഞതാ പ്രകാശനമായിരിന്നു ബലിയര്‍പ്പണം. അനേകരുടെ വിശ്വാസ ജീവിതത്തിന് ശക്തമായ ബോധ്യങ്ങള്‍ സമ്മാനിച്ച ഫാ. ഡോണ്‍ പ്രൊബോക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേര്‍ ദേവാലയത്തില്‍ എത്തിയിരിന്നു. ഈ വൈദികന്‍റെ ആത്മകഥയുടെ പേരും ശ്രദ്ധേയമാണ്: ‘സ്‌പോസോ, വെഡോവോ, ഈ സാസെർഡോട്ടേ’- ‘മണവാളൻ, വിഭാര്യൻ, പുരോഹിതൻ’.

.....എത്ര സുന്ദരം..!


Related Articles »