India - 2025
കാരിത്താസ് ആശുപത്രിയ്ക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം
സ്വന്തം ലേഖകന്‍ 07-06-2019 - Friday
കോട്ടയം: കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രിയ്ക്കു നേരെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം. ആശുപത്രി വളപ്പില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി വന്നവരുടെ വാഹനങ്ങള്‍ തടയുകയും ആശുപത്രി സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മുദ്രാവാക്യം മുഴക്കി എത്തിയവര്‍ ജീവനക്കാരെയും രോഗികളെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു പതിറ്റാണ്ടായി ആരോഗ്യപരിപാലന രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആശുപത്രിക്കുനേരേ നടത്തിയ അതിക്രമത്തെ ആശുപത്രി അധികൃതര്‍ അപലപിച്ചു.
അതേസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചതെന്ന ആരോപണത്തില്‍ സത്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാരിത്താസ് ആശുപത്രിക്കു യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നു സര്‍ക്കാര്‍ അധികാരികളെയും പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കാരിത്താസിലെ അടിയന്തര ചികിത്സാ വിഭാഗം രോഗിയെ ആംബുലന്‍സിനരികില്‍ ചെന്നു കാണുകയും റഫറന്‍സ് ലെറ്റര്‍ ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഐസിയു ബെഡ്ഡും വെന്റിലേറ്ററും ഇവിടെ ലഭ്യമല്ലെന്ന് ബന്ധുക്കളെ അറിയിച്ചു. ഈ സൗകര്യമുള്ള മറ്റ് ആശുപത്രികള്‍ ഏതെന്നും അവരെ അറിയിച്ചു. ഉടന്‍തന്നെ ഇവര്‍ ആശുപത്രിയില്‍നിന്നു മടങ്ങുകയാണ് ഉണ്ടായതെന്നും അധികൃത വ്യക്തമാക്കി.