India - 2025
തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് വിട
സ്വന്തം ലേഖകന്‍ 07-06-2019 - Friday
തിരുവല്ല: കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇനി സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തോടു ചേര്‍ന്ന് അന്ത്യവിശ്രമം. തിരുവല്ല രൂപതയില്‍ വൈദികനും മെത്രാപ്പോലീത്തയുമായി ശുശ്രൂഷ ചെയ്ത മാര്‍ തിമോത്തിയോസിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ വലിയൊരു സമൂഹം ശുശ്രൂഷകളില്‍ പങ്കെടുത്തു.തിങ്കളാഴ്ച പുലര്ച്ചെ കാലം ചെയ്ത മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്പെതട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിച്ച കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം വൈകുന്നേരം 4.45ഓടെയാണ് പൂര്‍ത്തീകരിച്ചത്. ഉച്ചയ്ക്ക് നടന്ന ഏഴാം ശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി. ഉച്ചകഴിഞ്ഞു രണ്ടിനു നടന്ന എട്ടാമത്തെ ശുശ്രൂഷയ്ക്കും കബറടക്ക ശുശ്രൂഷയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്സെന്റ് മാര്‍ പൗലോസ്, ഗീവര്ഗീസസ് മാര്‍ മക്കാറിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്ഗീസസ് മാര്‍ തിയോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം എന്നിവരും പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നന്ദി അറിയിച്ചു.