India - 2025
സര്‍ക്കുലറിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ച് സംശയം വേണ്ട: കെസിബിസി
സ്വന്തം ലേഖകന്‍ 09-06-2019 - Sunday
കൊച്ചി: കേരളത്തിലെ 32 രൂപതകളില്‍നിന്നായി 42 മെത്രാന്മാര്‍ പങ്കെടുത്ത കെസിബിസി വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് 06.06.2019ല്‍ Ref. 3197/K-5/KCBC/OL/DS നമ്പറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതായും മറ്റുമുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സര്‍ക്കുലര്‍ സംബന്ധിച്ചും കെസിബിസിയുടെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ചും ആര്‍ക്കും സംശയം ഉണ്ടാകേണ്ടതില്ലെന്നും കെസിബിസി.
കെസിബിസി സര്‍ക്കുലര്‍ പിന്‍വലിക്കുകയോ അതിന്റെ ഉള്ളടക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല. വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ മാത്രമാണ് പ്രസ്തുത സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ രൂപതയിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കെസിബിസിയുടെ പ്രസ്തുത സര്‍ക്കുലര്‍ വായിക്കണമോ എന്നു തീരുമാനിക്കാനുള്ള രൂപതാധ്യക്ഷന്മാരുടെ സ്വാതന്ത്ര്യം കെസിബിസി മാനിക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച വിദഗ്ധ സമിതി റോമിനു നല്‍കിയിട്ടുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കെസിബിസിക്ക് അറിയില്ല എന്ന വസ്തുത മാത്രമാണ് സര്‍ക്കുലറിനെ തുടര്‍ന്ന് നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. കെസിബിസിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കെസിബിസിയുടെ പ്രസിഡന്റ് സര്‍ക്കുലറിലൂടെ വിശ്വാസികള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുള്ളതെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.