India - 2025

ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു: യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണം 12ന്

സ്വന്തം ലേഖകന്‍ 09-06-2019 - Sunday

മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് 12നു സ്ഥാനമൊഴിയുന്നു. രൂപതയുടെ ത്രിതീയാധ്യക്ഷനായി ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അന്നേ ദിവസം തന്നെ സ്ഥാനമേല്‍ക്കും. മൂവാറ്റുപുഴ രൂപതയുടെ ദ്വിതീയാധ്യക്ഷനായി 2008 ഫെബ്രുവരി ഒന്പതിനാണു ഏബ്രഹാം മാര്‍ യൂലിയോസ് ചുമതലയേറ്റത്. മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, രൂപതാ കാര്യാലയം, കാക്കനാട് മോറിയ ധ്യാനകേന്ദ്രം, ദേവാലയങ്ങള്‍, വൈദിക മന്ദിരങ്ങള്‍, വൃദ്ധസദനം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകളാണ്. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

12നു മൂവാറ്റുപുഴ വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ ഒന്‍പതിന് സ്ഥാനമൊഴിയുന്ന ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്, ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവറുഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.


Related Articles »