India - 2024

കന്തീശങ്ങളുടെ തിരുനാളിന് ഇത്തവണ എത്തിയത് 1624 ഇരട്ടകള്‍

സ്വന്തം ലേഖകന്‍ 09-06-2019 - Sunday

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ കന്തീശങ്ങളുടെ തിരുനാളിനോടുനുബന്ധിച്ചു നടന്ന ഇരട്ടസംഗമം വീണ്ടും അതിശയം സൃഷ്ട്ടിച്ചു. ഇന്നലെ പതിമൂന്നാമത്തെ ഇരട്ട സംഗമത്തിനെത്തിയത് 1,624 ഇരട്ടകളാണ്. ഇടവകയിലെ തന്നെ 72 ജോഡി ഇരട്ട സഹോദരങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ഇരട്ടകള്‍ സംഗമത്തില്‍ പങ്കെടുത്തത്. ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗര്‍വാസീസ് വിശുദ്ധ പ്രോത്താസീസ്) അനുഗ്രഹം തേടിയാണ് തീര്‍ത്ഥാടനകേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ടസഹോദരങ്ങളുടെ അപൂര്‍വസംഗമം നടന്നത്.

കോതനല്ലൂര്‍ ഫൊറോന പള്ളി ഇടവകാംഗങ്ങളും ഇരട്ടപുണ്യവാളന്മാരുടെ നാമധാരികളുമായ 1927 ഒക്ടോബര്‍ മൂന്നിനു ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും ചന്ദ്രപുരയില്‍ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. തുടര്‍ച്ചയായ 13ാം വര്‍ഷമാണ് ഇരുവരും സംഗമത്തില്‍ പങ്കെടുക്കുന്നത്. ഭരണങ്ങാനം ഇടവകാംഗങ്ങളായ പുളിമൂട്ടില്‍ അനില്‍ ജോസഫ് തോമസ് രേഷ്മ ദന്പതികളുടെ മക്കളായ കഴിഞ്ഞ ഏപ്രില്‍ 29നു ജനിച്ച റയാനും റോഹനുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. ആറ് ജോഡി വൈദികരും മൂന്നു ജോഡി കന്യാസ്ത്രീകളും ഇരട്ടകള്‍ ഇരട്ടകളെ ജീവിതപങ്കാളികളാക്കിയ നാലു ജോഡി ദന്പതികളും സംഗമത്തിനെത്തി.

ഫാ. റോജി മനയ്ക്കപ്പറന്പില്‍ സിഎംഐ ഫാ. റെജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറന്പില്‍ സിഎംഐ ഫാ. തോമസ് ചൂളപ്പറന്പില്‍ (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊന്പില്‍ (ഇടുക്കി) ഫാ. ആന്റണി കൊല്ലംകൊന്പില്‍ സിഎസ്ടി, ഫാ. ജിസ് കളപ്പുരയ്ക്കല്‍ (തലശേരി) ഫാ. ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്) ഫാ. അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി, ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി) ഫാ. ജെന്നി കായംകുളത്തുശേരി (ചങ്ങനാശേരി) എന്നിവരാണ് സംഗമത്തിനെത്തിയ ഇരട്ട വൈദികര്‍. ഇരട്ട സഹോദരിയായ സിസ്റ്റര്‍ക്കൊപ്പം പങ്കെടുക്കാന്‍ എത്തിയ വൈദികനുമുണ്ടായിരിന്നു.

നേരത്തെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇരട്ടവൈദികര്‍ സഹകാര്‍മികരായി. ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ക്കു മാര്‍ കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും ഫോട്ടോ സെഷനും നടന്നു. വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, സഹവികാരി ഫാ.മാത്യു കോലത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 35 ജോഡികളുമായി ഫാ.ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 2007ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ട സംഗമം ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ സംഗമത്തില്‍ പങ്കെടുത്തത് 1360 ഇരട്ടകളാണ്. ഇത്തവണ മുന്നൂറിലധികം ഇരട്ടകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.