India - 2025

കെ‌സി‌വൈ‌എം സമാധാന സന്ദേശ യാത്രക്ക് ആരംഭം

സ്വന്തം ലേഖകന്‍ 10-06-2019 - Monday

ചിറ്റാരിക്കാല്‍ (കാസര്‍ഗോഡ്): കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ മുതല്‍ കന്യാകുമാരി വരെ നടത്തുന്ന സമാധാന സന്ദേശ യാത്രക്കു തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലത്തില്‍ ആരംഭം. ദേവാലയാങ്കണത്തില്‍ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, നിയുക്ത കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പതാക കൈമാറിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. യുവജനങ്ങള്‍ സമാധാനത്തിന്റെ വക്താക്കളാകണമെന്നു മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മ്മിപ്പിച്ചു. ഭീകരവാദത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഭീകരവാദം തിന്മയുടെ മതമാണ്. അത് കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണമാകുന്നു. യഥാര്‍ഥത്തില്‍ മതങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. അന്യോന്യം സ്‌നേഹിക്കാന്‍ കഴിഞ്ഞാലേ സമാധാനം നിലനില്‍ക്കൂ. അതുകൊണ്ട് യുവജനങ്ങള്‍ സ്‌നേഹിക്കാന്‍ കഴിയുന്ന ഹൃദയമുള്ളവരായിരിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ചടങ്ങില്‍ കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടര്‍ ഫാ. സോണി വടശേരി, തോമാപുരം ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ കിഴക്കേത്തലക്കല്‍, മേഖല ഡയറക്ടര്‍ ഫാ. അലക്‌സ് നിരപ്പേല്‍, അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത, സംസ്ഥാന ഭാരവാഹികള്‍, തോമാപുരം മേഖല ഭാരവാഹികള്‍, തോമാപുരം ശാഖ ഭാരവാഹികള്‍, സംസ്ഥാനത്തെ കെസിവൈഎം പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദേശയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »