India - 2025
ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മൃതദേഹം പുറത്തെടുത്തു: വീണ്ടും അന്വേഷണം
സ്വന്തം ലേഖകന്‍ 11-06-2019 - Tuesday
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ച ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മൃതദേഹം ആറു മാസത്തിനു ശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. ബിഷപ്പിന്റെ മരണത്തില്‍ സംശയമുന്നയിച്ച് ഡോളി തെരേസ എന്ന അല്‍മായ വനിത കോടതിയില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ കോടതിയുടെ നടപടി. വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മൃതദേഹം പോലീസ് പുറത്തെടുത്തതെന്നും പരിശോധന പൂര്‍ത്തിയായ ശേഷം സര്‍ക്കാരിന്റെ അനുമതിയോടെ തിരികെ ഇതേ കല്ലറയില്‍ തന്നെ സംസ്‌കരിക്കുമെന്നും രൂപത പി.ആര്‍.ഒ ഫാ. രിയ സ്റ്റീഫന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിക്കുന്നത്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്വാളിയോറിന് 125 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറ് പൊഹരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ബിഷപ്പിനെ ഗ്വാളിയോറിനെ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചിരുന്നു.