India - 2025
കുരിശിനെ അവഹേളിച്ചത് ന്യായീകരിക്കുന്നത് അപലപനീയം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
സ്വന്തം ലേഖകന്‍ 13-06-2019 - Thursday
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചിരിക്കുന്നതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളുടെയും കേരള ലളിതകലാ അക്കാദമി ഭാരവാഹികളുടെയും ശ്രമങ്ങള്‍ തികച്ചും ആക്ഷേപകരമാണെന്ന് സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്‍. ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതു മതേതര സംസ്കാരത്തിനു വിരുദ്ധവും അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹവുമാണെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
കേരളാ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനായി തെരഞ്ഞടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയതിനെയും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാനായി ലളിതകലാ അക്കാദമിക്കു നിര്‍ദേശം നല്കിയതിനെയും സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ വിശദീകരണത്തിനുശേഷവും വിശ്വാസികളെ അപമാനിക്കുന്ന നിലപാട് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സ്വീകരിച്ചത് തികച്ചും അപലപനീയമാണ്. മതനിന്ദ എന്ന ക്രിമിനല്‍ കുറ്റം ചെയ്ത കലാകാരന് അവാര്‍ഡ് നല്കുന്നതും അതിനെ ന്യായീകരിക്കുന്നതും ഈ നാട്ടിലെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം മതവിരുദ്ധ അപനിര്‍മിതികള്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മീഡിയാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
