Faith And Reason - 2024

അടിമയില്‍ നിന്ന് പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 13-06-2019 - Thursday

വത്തിക്കാന്‍ സിറ്റി: അടിമയില്‍ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വൈദികന്‍ എന്ന ഖ്യാതിയുമായി ഫാ. അഗസ്റ്റസ് ടോണ്‍ടണിന്റെ നാമകരണത്തിന് പാപ്പയുടെ അംഗീകാരം. ഫാ. അഗസ്റ്റസ് ഉള്‍പ്പെടെ പത്തോളം പേരുടെ നാമകരണത്തിനാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു പാപ്പ അംഗീകാരം നല്‍കിയത്. മൂന്നു സ്പാനിഷ് അല്‍മായരുടെ രക്തസാക്ഷിത്വവും ഏഴു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു.

1854-ല്‍ ജനിച്ച ഫാ. അഗസ്റ്റസ് ടോണ്‍ടണ്‍ കറുത്ത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ ആരംഭകാലത്ത് അടിമത്തത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങിയിരിന്നു. പിന്നീട് ആഭ്യന്തര യുദ്ധകാലത്ത് ഇല്ലിനോയിസിലേക്ക് രക്ഷപ്പെട്ട അദ്ദേഹവും കുടുംബവും അവിടെ ജീവിതം പടത്തുയര്‍ത്താന്‍ ശ്രമിക്കുകയായിരിന്നു. മിസോറിയില്‍ നിന്ന്‍ ഇല്ലിനോയിസിലേക്ക് കുടിയേറിയപ്പോള്‍ ടോണ്‍ടണിന്റെ അമ്മ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരിന്നു, " മകനെ, നീ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു. ദൈവീക നന്മ ഒരിക്കലും നീ മറക്കരുത്". ഈ വാക്കുകള്‍ അക്ഷരം പ്രതി ജീവിതത്തോട് ചേര്‍ത്തുവെക്കുകയായിരിന്നു ഫാ. അഗസ്റ്റസ്. ക്വിന്‍സിയിലെ സെന്‍റ് പീറ്റേഴ്സ് കത്തോലിക്ക സ്കൂളില്‍ പഠനം ആരംഭിച്ച അവന്‍, ഫാ പീറ്റര്‍ മക്ഗീര്‍ എന്ന വൈദികന്റെ സഹായത്തോടെ ജ്ഞാനസ്നാനവും ആദ്യകുര്‍ബാന സ്വീകരണവും നടത്തി.

അധികം വൈകാതെ അവന്‍ പൌരോഹിത്യത്തെ പുല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവിടെയും പ്രതിബന്ധങ്ങള്‍ ഏറെയായിരിന്നു. വംശീയത അടക്കി വാണിരിന്ന അമേരിക്കയില്‍ സെമിനാരി പ്രവേശനത്തിനുള്ള സാധ്യത തന്നെ ഇല്ലായിരിന്നു. പിന്നീട് റോമില്‍ പഠനം പൂര്‍ത്തിയാക്കി 1889-ല്‍ അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. ഒരിക്കല്‍ ത്യജിച്ചവര്‍ അമേരിക്കന്‍ തെരുവുകളില്‍ ഫാ. അഗസ്റ്റസിന്‍റെ വരവ് കാത്തു നില്‍ക്കുന്ന അവസരം വരെ അങ്ങനെ സംജാതമായി. കാരണം ആദ്യമായി പൌരോഹിത്യം സ്വീകരിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വൈദികന്‍ ഫാ. അഗസ്റ്റിനായിരിന്നു. 1897 വരെയുള്ള കാലയളവില്‍ ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയില്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്. 1897 ജൂലൈ 9നു നാല്‍പ്പത്തിമൂന്നാമത്തെ വയസ്സിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

1936 ഒക്ടോബര്‍ 28-ന് സ്പെയിനിലെ പോളാ ദി സൊമിയേദോയില്‍ ആഭ്യന്തര വിപ്ലവകാലത്ത് കൊല്ലപ്പെട്ട ദൈവദാസരായ അല്‍മായര്‍ പിലാര്‍ ഗുലോണ്‍ യുറിയാഗയുടെയും രണ്ടു സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദൈവദാസനും, ഇറ്റലിക്കാരനുമായ ഫെലിസെ തന്താര്‍ദീനി, ഇറ്റലിക്കാരനും പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ വൈദികരുടെ സഭാംഗവുമായ ജോണ്‍ നദിയാനി, ദൈവദാസിയും ജപമാലയുടെ ഡൊമീനിക്കന്‍ സഹോദരിമാരുടെ സഭയുടെ സ്ഥാപകയുമായ ഫിലിപ്പീന്‍കാരി മരിയ ബെയാത്രിചേ റൊസാരിയോ, ഇറ്റലി സ്വദേശിനി ദൈവദാസി പാവുള മുസ്സേദു, മരിയ സന്തീനാ കൊളാനി, ഇടവകവൈദികനും ദൈവദാസനുമായ ബൊസ്ക്കേത്തി തുടങ്ങിയവരുടെ വീരോചിത പുണ്യങ്ങള്‍ കൂടി പാപ്പ അംഗീകരിച്ചിട്ടുണ്ട്.


Related Articles »