India - 2025
'സാംസ്‌കാരിക നായകര്‍ സത്യത്തിന്റെ വെട്ടം സമൂഹത്തില്‍ പരത്തുന്നവരാകണം'
15-06-2019 - Saturday
കൊച്ചി: സാംസ്‌കാരിക നായകര്‍ സത്യത്തിന്റെ വെട്ടം സമൂഹത്തില്‍ പരത്തുന്നവരാകണമെന്നു കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ പിഒസിയില്‍ ചേര്‍ന്ന സമ്മേളനം അഭിപ്രായപ്പെട്ടു. അര്‍ധസത്യങ്ങളിലും മുന്‍വിധികളിലും മുറുകെപ്പിടിച്ചു നിലപാടു സ്വീകരിക്കുന്നവര്‍ സമൂഹത്തെ വഴിതെറ്റിക്കുകയും സമൂഹത്തില്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യും. ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യം വ്യക്തിക്ക് അനുവദിച്ചുകൊടുക്കാന്‍ സമൂഹം നിര്‍ബന്ധിക്കപ്പെടുന്‌പോള്‍ സ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും അര്‍ഥവും പ്രസക്തിയും ചോര്‍ന്നുപോകും.
അടുത്തകാലത്ത് കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍, സത്യമറിയാതെയും അറിയാനുള്ള സമൂഹത്തിന്റെ അവകാശത്തെ അപ്രസക്തമാക്കും വിധത്തിലും ഉയര്‍ന്നുവന്ന ചില നിലപാടുകള്‍ 'ആരാണ് സാംസ്‌കാരിക നായകര്‍' എന്ന ഗൗരവമായ ചോദ്യം സമൂഹത്തിനുമുന്പില്‍ വയ്ക്കുന്നു. കത്തോലിക്കാസഭയ്‌ക്കെതിരേ സംഘടിതമായ ആക്രമണം നടത്താന്‍ കലാസാഹിത്യകാരന്‍മാര്‍ കടപ്പെട്ടവരാണ് എന്ന ഒരു മിഥ്യാധാരണ ചിലരുടെയെങ്കിലും മനസില്‍ രൂഢമൂലമായിട്ടുണ്ട്.
സമയത്തോടുള്ള ഈ അസഹിഷ്ണുത കാത്തിരിക്കാനുള്ള വിമുഖതയായും എന്തിനെയും രാഷ്ട്രീയവത്കരിക്കാനുള്ള പ്രവണതയായും വെളിപ്പെട്ടുവരുന്നുവെന്നും സമ്മേളനം വിലയിരുത്തി. ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
