India - 2025
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിലുള്ള മതനിന്ദ അംഗീകരിക്കാനാകില്ല: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 15-06-2019 - Saturday
കൊച്ചി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍, മതനിന്ദയും മതനിരാസവും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത. ആവിഷ്കാര സ്വാതന്ത്ര്യം മറ്റു മതങ്ങളേയും മതാചാരങ്ങളേയും അവഹേളിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മതനിരാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലായെന്നും സംഘടന പ്രസ്താവിച്ചു.
ആര്‍ക്കും എന്തും തോന്നുന്നപോലെ ചെയ്യാനുള്ളതല്ല ആവിഷ്കാര സ്വാതന്ത്ര്യം. ആര്‍ക്കും ആരുടെ തെറ്റുകളെയും വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശനം ആരോഗ്യകരമായിരിക്കണം. തെറ്റുകള്‍ തിരുത്താന്‍ പ്രചോദനം നല്‍കുന്നതായിരിക്കണം. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ വിശ്വാസങ്ങളെയോ മുറിപ്പെടുത്തുന്നതാകരുത്. ഒരു മതത്തിലേയും വിശ്വാസങ്ങളെയോ വിശ്വാസ പ്രതീകങ്ങളെയോ മത നേതാക്കളെ വ്യക്തിപരമായോ അവഹേളിക്കുന്നത് തെറ്റു തന്നെയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സീസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബേബി പൊട്ടനാനി, കേന്ദ്ര ഭാരവാഹികളായ പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്റണി, അതിരൂപത ഭാരവാഹികളായ ബാബു ആന്റണി, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ആനി റാഫി, മേരി റാഫേല്‍, ടിന്റു, ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
