News

യുകെയിലെ ഗര്‍ഭഛിദ്ര നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍: സമൂഹത്തിന്റെ പരാജയമെന്ന് പ്രോലൈഫ് നേതാവ്

സ്വന്തം ലേഖകന്‍ 17-06-2019 - Monday

ലണ്ടന്‍: യുകെയിലും വെയിൽസിലും ഭ്രൂണഹത്യയ്ക്ക് വിധേയരായവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. യുകെയിലെ ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസ് വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം ബ്രിട്ടനിൽ ജീവിക്കുന്ന രണ്ടു ലക്ഷത്തിലധികം പേരും കുടിയേറി പാര്‍ക്കുന്ന അയ്യായിരത്തിനടുത്ത സ്ത്രീകളുമാണ് ഭ്രൂണഹത്യയ്ക്കു കഴിഞ്ഞ വര്‍ഷം വിധേയരായത്. ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മുന്‍പ് പുറത്തുവന്ന മറ്റൊരു ഗവേഷണ റിപ്പോർട്ട് പ്രകാരം 2009ൽ ഭ്രൂണഹത്യകളൂടെ നിരക്കിൽ കുറവു വന്നിരുന്നു. എന്നാൽ 2010 മുതൽ വീണ്ടും ഗര്‍ഭഛിദ്രം വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ ആരംഭിക്കുകയായിരിന്നു.

കഴിഞ്ഞ പതിറ്റാണ്ടിൽ 29 വയസ്സിൽ കൂടുതലുള്ള യുവതികളുടെയിടയിലും കുടുംബമുള്ള യുവതികൾക്കിടയിലുമാണ് ഭ്രൂണഹത്യകളുടെ എണ്ണം കൂടുതലായി വർദ്ധിച്ചിരിക്കുന്നത്. അതേസമയം 'റൈറ്റ് ടു ലൈഫ്' എന്ന പ്രോലൈഫ് സംഘടനയുടെ വക്താവ് ക്ലാരേ മക്കാർത്തി 2018ൽ ഉണ്ടായ അബോർഷൻ വർദ്ധനവിനെ 'ദേശീയ ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. വിഷയം കൂടുതൽ സങ്കീർണമാകുമെന്നും ക്ലാരേ മക്കാർത്തി പറഞ്ഞു.

ഓരോ ഭ്രൂണഹത്യയും ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിലും അമ്മമാർക്ക് പിന്തുണ നൽകുന്നതിലും സമൂഹത്തിന് സംഭവിച്ച തോൽവിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതുവരെ ഭ്രൂണഹത്യ നിയമപരമാക്കണമെന്ന ഭ്രൂണഹത്യ അനുകൂല വാദികളുടെ ശ്രമം പ്രാബല്യത്തിലായാൽ ഭ്രൂണഹത്യകളുടെ എണ്ണം വലിയതോതിൽ ഇനിയും വർദ്ധിക്കുമെന്നും ക്ലാരേ മക്കാർത്തി മുന്നറിയിപ്പു നൽകി.


Related Articles »